'കരിക്ക്' വെബ് സീരീസിലൂടെ മലയാള സിനിമാ പ്രേക്ഷകര്‍ക്ക് പ്രിയങ്കരിയായ നടിയും തിരക്കഥാകൃത്തുമായ നിലീന്‍ സാന്ദ്ര വിവാഹിതയാകുന്നു. 'ഇറ്റ്‌സ് എ മെഡിക്കല്‍ മിറാക്കിള്‍' എന്ന മലയാള ചിത്രത്തിന്റെ സംവിധായകനായ ശ്യാമിന്‍ ഗിരീഷ് ആണ് വരന്‍. സിനിമയില്‍ നിലീന്‍ സാന്ദ്രയും ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിനിമയുടെ തിരക്കഥ ഒരുക്കിയിരിക്കുന്നതും നിലീന്‍ സാന്ദ്രയാണ്.
'2017-ല്‍ ദൈവം എനിക്കായി ഒരാളെ അയച്ചുതന്നു, ഒരു കാമുകനായല്ല മറിച്ച് എന്റെ ഏറ്റവും പ്രിയപ്പെട്ട സുഹൃത്തായി. വര്‍ഷങ്ങള്‍ക്കിപ്പുറം അന്ന് എനിക്കൊപ്പം സുഹൃത്തായി നടന്ന അതേ മനുഷ്യനൊപ്പം എന്നെന്നേക്കുമായി ഒന്നാകാന്‍ ഞാന്‍ ഒരുങ്ങുകയാണ്. ഞാന്‍ വെറുതെ വിവാഹിതയാവുകയല്ല. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ദൈവം എനിക്കായി അയച്ചുതന്ന ആ വലിയ അനുഗ്രഹത്തെയാണ് ഞാന്‍ വിവാഹം കഴിക്കുന്നത്. വിവാഹവിവരം പങ്കുവെച്ചുകൊണ്ട് നിലീന്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു.
ജൂഡ് ആന്റണി ജോസഫിന്റെ '2018', കൃഷാന്ദ് സംവിധാനം ചെയ്ത 'ആവാസവ്യൂഹം' എന്നീ സിനിമകളിലും 'റോക്ക് പേപ്പര്‍ സിസേഴ്‌സ്', 'സാമര്‍ഥ്യശാസ്ത്രം' എന്നീ വെബ്‌സീരീസുകളിലും താരം അഭിനയിച്ചിട്ടുണ്ട്. 'റോക്ക് പേപ്പര്‍ സിസേഴ്‌സ്', 'സാമര്‍ഥ്യശാസ്ത്രം' എന്നീ വെബ് സീരീസുകള്‍ക്ക് തിരക്കഥയൊരുക്കിയതും നിലീന്‍ സാന്ദ്രയായിരുന്നു.