"അയാൾ എന്നോട് ചുംബനം ചോദിച്ചു"; കാസ്റ്റിംഗ് കൗച്ച് അനുഭവം വെളിപ്പെടുത്തി നടി ഫലക് ഖാൻ
"ഞാനാകെ മരവിച്ചു പോയി, തിരിച്ച് വല്ലതും പറയണോ, നിലവിളിക്കണോ, ഇറങ്ങി ഓടണോ എന്നൊന്നും അറിയാത്ത ഒരവസ്ഥ"
Publish Date: Sun, 22 Feb 2026 (11:41 IST)
Updated Date: Sun, 22 Feb 2026 (11:47 IST)
തനിക്ക് നേരിടേണ്ടി വന്ന കാസ്റ്റിംഗ് കൗച്ച് അനുഭവത്തെ കുറിച്ചും ലൈംഗികച്ചുവയോടെയുള്ള സമീപനത്തെ കുറിച്ചും തുറന്നുപറഞ്ഞ് നടി ഫലക് ഖാൻ. ഒരു ഓഡിഷന് പോയപ്പോൾ തനിക്ക് നേരിട്ട മോശം അനുഭവത്തെ കുറിച്ച് ഇ-ടൈംസിന് നൽകിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തൽ. ഒരുപാട് ആഗ്രഹിച്ചു പോയ ഓഡിഷനായിരുന്നു അതെന്നും തിരക്കഥ വായിച്ചു കേൾപ്പിക്കാൻ തന്നെ സമീപിച്ചയാൾ തിരക്കഥ വായിക്കുന്നതിനു പകരം ഒരു ചുംബനം തരുമോ എന്നാണ് ചോദിച്ചതെന്നും ഫലക് ഖാൻ പറഞ്ഞു.
"വളരെ ആഗ്രഹിച്ചായിരുന്നു ഓഡിഷന് പോയത്. ഞാൻ ഇരുന്ന കസേരക്ക് അഭിമുഖമായി തിരക്കഥ വായിച്ചു കേൾപ്പിക്കാൻ ഇരുന്നയാൾ എന്നോട് പറഞ്ഞത്, എനിക്ക് നിന്നെ ചുംബിക്കണം എന്നായിരുന്നു. ഞാൻ സതംബ്ദയായി, ആകെ മരവിച്ചു പോയി, തിരിച്ച് വല്ലതും പറയണോ, നിലവിളിക്കണോ, ഇറങ്ങി ഓടണോ എന്നൊന്നും അറിയാത്ത അവസ്ഥ. ചുമ്മാ തമാശ പറഞ്ഞതായിരിക്കണേ എന്ന് വിശ്വസിക്കാൻ ഞാൻ ആഗ്രഹിച്ചുപോയി.. പക്ഷെ അങ്ങനെയല്ല എന്ന് അയാളുടെ മുഖം എനിക്ക് വ്യക്തമാക്കിത്തന്നു.
വീട്ടിലെത്തിയ ഞാൻ ഒരുപാട് കരഞ്ഞു, ഒരാഴ്ചത്തോളം എനിക്ക് വിറയൽ ആയിരുന്നു. ദിവസങ്ങളോളം എനിക്ക് ഓഡിഷനുകൾക്ക് പോകാൻ ഭയമായിരുന്നു. പക്ഷെ ഇന്നെനിക്ക് ആ ഭയമില്ല, നമ്മുടെ ആത്മാഭിമാനം ഒരിക്കലും ഒന്നിനുവേണ്ടിയും ഒരാളുടെ മുന്നിലും അടിയറവ് വെക്കാൻ ഉള്ളതല്ല, ഞാൻ എന്റെ തല ഉയർത്തിപ്പിടിച്ച് സത്യസന്ധതയോടെ മുന്നോട്ട് നടന്നു... എന്റെ യാത്രകൾ തുടർന്നു, തെറ്റായ ആവശ്യങ്ങൾക്ക് വഴങ്ങാൻ വിസമ്മതിക്കുന്നവർക്കാണ് ശരിയായ അവസരങ്ങൾ ലഭിക്കുന്നത്"- നടി കൂട്ടിച്ചേർത്തു.