'ഭാവി നോക്കണം, എന്റെ സമാധാനമാണ് വലുത്': വിവാഹത്തിൽ നിന്നും പിന്മാറിയെന്ന് നടി രേഷ്മ
ചിത്രത്തിൽ പങ്കാളിയുടെ മുഖം കാണിച്ചിരുന്നില്ല.
കുടുംബ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് രേഷ്മ. കുടുംബവിളക്ക് ഉൾപ്പെടെ നിരവധി സീരിയലുകൾ രേഷ്മ നിറസാന്നിധ്യമായിട്ടുണ്ട്. അടുത്തിടെ താരം തന്റെ വിവാഹവാർത്ത ആരാധകരുമായി പങ്കുവെച്ചിരുന്നു. പങ്കാളിക്കൊപ്പമുള്ള ഒരു ബ്ലാക്ക് ആന്റ് വൈറ്റ് ചിത്രമാണ് രേഷ്മ പങ്കുവച്ചത്. എന്നാൽ ചിത്രത്തിൽ പങ്കാളിയുടെ മുഖം കാണിച്ചിരുന്നില്ല.
ഇപ്പോഴിതാ നിശ്ചയിച്ചുറപ്പിച്ച ഈ വിവാഹത്തിൽ നിന്ന് താൻ പിന്മാറിയെന്ന് അറിയിച്ചിരിക്കുകയാണ് രേഷ്മ. തങ്ങളുടെ വീട്ടുകാർക്കൊപ്പം ചേർന്നെടുത്ത തീരുമാനമാണിതെന്നും രേഷ്മ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. വ്യക്തിപരമായി വിശദീകരിക്കാൻ ആഗ്രഹമില്ലാത്തതിനാൽ കൂടുതൽ കാര്യങ്ങൾ ആരും ചോദിക്കരുത് എന്നും രേഷ്മ പറഞ്ഞു.
അറിയിപ്പ്!! എല്ലാവർക്കും ഹായ്, ആശയക്കുഴപ്പങ്ങളൊന്നും ഉണ്ടാകാതിരിക്കാനാണ് ഞാനിത് തുറന്നു പറയുന്നത്. എന്റെ വിവാഹനിശ്ചയം നേരത്തെ കഴിഞ്ഞതാണെങ്കിലും ഞങ്ങൾക്കിടയിൽ നടന്ന സംഭാഷണങ്ങൾക്കും വ്യക്തമായ ധാരണയ്ക്കും ശേഷം ഈ ബന്ധത്തിൽ നിന്ന് പിന്മാറാൻ രണ്ട് കുടുംബങ്ങളും തീരുമാനിച്ചു. തീർത്തും ആത്മവിശ്വാസത്തോടെയും വ്യക്തതയോടെയുമാണ് ഈ തീരുമാനം എടുത്തത്.
അതിൽ യാതൊരു ഖേദവുമില്ല. എന്റെ ജീവിതത്തിന് അനുയോജ്യമായ തീരുമാനമെടുത്തതിൽ എനിക്ക് വളരെ സന്തോഷം തോന്നുന്നു. ഞാൻ ഇത് ആരോടും വ്യക്തിപരമായി വിശദീകരിക്കാൻ ആഗ്രഹിക്കുന്നില്ല. അതിനാൽ ദയവായി വിശദാംശങ്ങൾ ചോദിക്കുന്നത് ഒഴിവാക്കുക. എന്റെ സമാധാനം, എന്റെ തിരഞ്ഞെടുപ്പ്, എന്റെ ഭാവി എന്നിവയ്ക്കാണ് പ്രാധാന്യം നൽകുന്നത്. അതിനെ മാനിക്കുന്നതിന് നന്ദി. രേഷ്മ.- നടി കുറിച്ചു.