ബൂമറാങ് സിനിമയുടെ പ്രമോഷൻ പരിപാടിക്ക് വരാതിരുന്ന നടി സംയുക്തക്കെതിരെ ചിത്രത്തിൻ്റെ നിർമാതാവ്. താൻ വലിയ സിനിമകൾ മാത്രമാണ് ചെയ്യുന്നതെന്നും മലയാളത്തിൽ ഇനി സിനിമകൾ ചെയ്യുന്നില്ലെന്നുമാണ് താരം പറഞ്ഞതെന്ന് നിർമാതാവ് പറഞ്ഞു. സിനിമാപ്രമോഷനിടെ മാധ്യമപ്രവർത്തകരോടാണ് നിർമാതാവ് വെളിപ്പെടുത്തൽ നടത്തിയത്.
എനിക്ക് എൻ്റേതായ കരിയർ ഉണ്ട് അത് നോക്കണം. മലയാള സിനിമ ഇനി ചെയ്യുന്നില്ല. ഞാൻ ഇപ്പോൾ ചെയ്യുന്ന സിനിമകളെല്ലാം ഇപ്പോൾ മാസീവ് റിലീസാണ്. 35 കോടി സിനിമയാണ് ഇപ്പോൾ ചെയ്യുന്നത്.ഹൈദരാബാദിൽ ഇപ്പോൾ സെറ്റിൽഡാണ് നാളെ ബാങ്കോക്കിലേക്ക് പോകുന്നു എന്നെല്ലാമാണ് പ്രമോഷന് വിളിച്ചപ്പോൾ താരം പറഞ്ഞത്.
സിനിമയുടെ ലീഡിങ് റോൾ സംയുക്തയാണ്. മനോഹരമായി സംയുക്ത അതിൽ അഭിനയിച്ചിട്ടുണ്ട്. മറ്റ് പ്രശ്നങ്ങൾ ഒന്നും ഉണ്ടായിട്ടില്ല. ഒരു സിനിമയിൽ കരാർ ഏർപ്പെടുമ്പോൾ അതിൽ പ്രമോഷൻ കൂടി ഉൾപ്പെടുന്നുണ്ട്. ഈ സിനിമ പലതവണ റിലീസ് മാറ്റിവെച്ചതിനാൽ ഡേറ്റ് പ്രശ്നങ്ങൾ ഉണ്ടാകാം എങ്കിലും നടിയുടെ പ്രതികരണം മറ്റൊരു രീതിയിലാണ് ഉണ്ടായതെന്നും നിർമാതാവ് പറഞ്ഞു.