ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിനോട് അനുബന്ധിച്ച് മലയാള സിനിമയില്‍ തങ്ങള്‍ക്കേറ്റ ഭുരനുഭവങ്ങള്‍ തുറന്ന് പറഞ്ഞ് കൂടുതല്‍ പേര്‍ രംഗത്ത്. ഇപ്പോഴിതാ തൊണ്ണൂറുകളില്‍ സിനിമയില്‍ സജീവമായിരുന്ന നടി ഉഷയാണ് പുതിയ വെളിപ്പെടുത്തല്‍ നടത്തിയത്. 1992ല്‍ ഗള്‍ഫ് ഷോയ്ക്കിടെ ഒരു മുതിര്‍ന്ന നടന്‍ ലിഫ്റ്റില്‍ വെച്ച് തന്നോട് മോശമായി പെരുമാറിയെന്നും എല്ലാവരും ആരാധിച്ചിരുന്ന മുതിര്‍ന്ന നടനില്‍ നിന്നും അത്തരത്തില്‍ പെരുമാറ്റം പ്രതീക്ഷിച്ചിരുന്നില്ലെന്നും ഉഷ പറയുന്നു.
1992ലെ ഗള്‍ഫ് ഷോയ്ക്ക് ഇടയിലായിരുന്നു സംഭവം. ലിഫ്റ്റില്‍ വെച്ച് അയാള്‍ മോശമായി പെരുമാറിയപ്പോള്‍ കരണക്കുറ്റിക്ക് അടിക്കേണ്ടി വന്നു. ആ നടന്‍ ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. അതിനാല്‍ പേര് പറയുന്നില്ല. പലരും ഇപ്പോള്‍ എന്തിനാണ് ഇത് പറയുന്നതെന്ന് ചോദിക്കും. ഞാന്‍ അന്ന് തന്നെ പ്രതികരിച്ചിട്ടുണ്ട്. ബഹ്‌റൈനില്‍ ഷോ കഴിഞ്ഞ് വിമാനത്താവളത്തിലേക്ക് പോകാന്‍ നില്‍ക്കവെയാണ് സംഭവം.
മോനിഷ,രേവതി,സുകുമാരി എല്ലാവരുമുണ്ട്. ഞാന്‍ ലാഗേജെടുത്ത് ലിഫ്റ്റിലേക്ക് വന്നു. ആ നടനും ലിഫ്റ്റിലുണ്ടായിരുന്നു. ലിഫ്റ്റ് അടഞ്ഞതും മോശമായി പെരുമാറി. ഇതോടെ അയാളെ തല്ലേണ്ടി വന്നു. അടുത്ത നിലയില്‍ ലിഫ്റ്റ് എത്തിയപ്പോള്‍ സുകുമാരിയമ്മ ലിഫ്റ്റില്‍ കയറി. എന്താ പ്രശ്‌നമെന്ന് ചോദിച്ചു. അയാള്‍ കാലില്‍ വീണു. ഇക്കാര്യമെല്ലാം ആരോടെങ്കിലും പറയുമെന്ന് പറഞ്ഞു. ലാലേട്ടന്‍ വന്നപ്പോള്‍ അദ്ദേഹത്തോട് പറഞ്ഞു. സുകുമാരിയമ്മയും ലാലേട്ടനും ആശ്വസിപ്പിച്ചു.
അന്ന് തുടങ്ങിയ പ്രശ്‌നങ്ങളാണ്. സംഘടനയില്‍ ഈ കാര്യം ഞാന്‍ പറഞ്ഞു. അതോടെ അഹങ്കാരിയെന്ന ടാഗ് വീണു. ഞാന്‍ സൂപ്പര്‍ സ്റ്റാറുകളോട് കൈചൂണ്ടി സംസാരിക്കുന്ന ആളാണെന്ന സംസാരമെല്ലാം വന്നതോടെ സിനിമകള്‍ ഇല്ലാതെയായി. ഉഷ പറഞ്ഞു. നിലവില്‍ പുരോഗമന കലാ സാഹിത്യസംഘം ആലപ്പുഴ ജില്ലാ വൈസ് പ്രസിഡന്റാണ് ഉഷ. 90കളില്‍ മലയാള സിനിമ മാഫിയയെ പോലെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് പറയുന്ന ഉഷയുടെ വീഡിയോ അടുത്തിടെ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.