തമിഴ് സിനിമയിലെ തിളങ്ങിനില്‍ക്കുന്ന താരമാണെങ്കിലും തന്റെ സ്റ്റാര്‍ഡത്തെ മുതലെടുക്കാനുള്ള യാതൊരു ശ്രമവും നടത്താത്ത താരമാണ് അജിത് കുമാര്‍. വമ്പന്‍ ഹിറ്റുകള്‍ നേടുമ്പോഴും അത് മുതലെടുത്ത് കൂടുതല്‍ സിനിമകള്‍ വിജയിപ്പിക്കാന്‍ ശ്രമിക്കാതെ ലഭിക്കുന്ന പ്രതിഫലം ഉപയോഗിച്ച് തനിക്കിഷ്ടപ്പെട്ട കാര്യങ്ങള്‍ ചെയ്യാനാണ് അജിത് സമയം കണ്ടെത്താറുള്ളത്. ഷൂട്ടിംഗ് ചാമ്പ്യന്‍ഷിപ്പുകളിലും, റേസിംഗിനും, യാത്രകള്‍ക്കും വേണ്ടിയാണ് ഈ സമയം അജിത് ചെലവഴിക്കാറുള്ളത്.
നിലവില്‍ വിഡാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്‌ളി എന്നീ സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും ഈ സിനിമകള്‍ക്ക് ശേഷം അജിത് വീണ്ടും റേസിങ്ങില്‍ സജീവമാകും. ഇപ്പോഴിതാ തന്റെ യാത്രകളെ പറ്റിയും ജീവിതത്തെ പറ്റിയുള്ള ഫിലോസഫിയെ പറ്റിയും വ്യക്തമാക്കിയിരിക്കുകയാണ് തമിഴ് സൂപ്പര്‍ താരം. അജിത്തിന്റെ ഉടമസ്ഥതയിലുള്ള വീനസ് മോട്ടര്‍ സൈക്കിള്‍സ് ടൂര്‍സ് എന്ന കമ്പനിയുടെ പ്രമോഷന്‍ വീഡിയോയിലാണ് യാത്രകളെ പറ്റി താരം മനസ്സ് തുറന്നത്.
ആളുകളെ യാത്ര ചെയ്യാന്‍ പ്രേരിപ്പിക്കുകയാണ് തന്റെ കമ്പനിയുടെ ലക്ഷ്യമെന്ന് അജിത് പറയുന്നു. യാത്രയാണ് മെഡിറ്റേഷന്റെ ഏറ്റവും നല്ല രൂപമെന്ന് ഞാന്‍ കരുതുന്നു. നിങ്ങള്‍ ഒരിക്കലും കണ്ടിട്ടില്ലാത്ത ആളുകളെ വെറുക്കാന്‍ മതം നിങ്ങളെ പ്രേരിപ്പിക്കുന്നു. അത് മതമോ ജാതിയോ എന്തുമാകട്ടെ. ഇത് ശരിയാണ്. നമ്മള്‍ ആളുകളെ കണ്ടുമുട്ടുന്നതിന് മുന്‍പ് തന്നെ അവരെ വിലയിരുത്താറുണ്ട്. നിങ്ങള്‍ യാത്ര ചെയ്യുമ്പോള്‍ വ്യത്യസ്ത നാടുകളില്‍ നിന്നുള്ളവരെയും വിവിധ മതങ്ങളില്‍ പെട്ടവരെയും കണ്ടുമുട്ടുന്നു. അവരുടെ സംസ്‌കാരം അനുഭവിച്ചറിയുന്നു. ആളുകളോട് കൂടുതല്‍ സഹാനുഭൂതിയോടെ പെരുമാറാന്‍ ശീലിക്കുന്നു. അത് നിങ്ങളെ മികച്ച വ്യക്തികളാക്കി മാറ്റുന്നു. വീഡിയോയില്‍ അജിത് പറയുന്നു.