മോഹന്‍ലാലിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയ കേസില്‍ ചെകുത്താന്‍ എന്ന യൂട്യൂബ് ചാനല്‍ നടത്തുന്ന പത്തനംതിട്ട തിരുവല്ല സ്വദേശി അജു അലക്‌സിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തൂ. താരസംഘടനായ അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിന്റെ പരാതിയിലാണ് അജുവിനെതിരെ കേസെടുത്തത്. ഭാരതീയ ന്യായ സംഹിത 192,296(ബി),കെ പി ആക്റ്റ് 2011 120(0) എന്നീ വകുപ്പുകളാണ് ഇയാള്‍ക്കെതിരെ ചുമത്തിയത്.
മോഹന്‍ലാലിന്റെ ആരാധകരില്‍ വിദ്വേഷം ഉണ്ടാക്കുന്ന രീതിയിലാണ് അജു അലക്‌സിന്റെ പരാമര്‍ശമെന്ന് തിരുവല്ല പോലീസ് രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ പറയുന്നു. ഇന്ത്യന്‍ ടെറിട്ടോറിയല്‍ ആര്‍മിയില്‍ ലെഫ്റ്റണന്റ് കേണല്‍ പദവി വഹിക്കുന്ന മോഹന്‍ലാല്‍ പട്ടാള യൂണിഫോമില്‍ വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തമുണ്ടായ സ്ഥലം സന്ദര്‍ശിച്ചതിനെതിരെയാണ് അജു അലക്‌സ് എന്ന ചെകുത്താന്‍ യൂട്യൂബിലൂടെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയത്. പരാതി നല്‍കിയതോടെ ഇയാള്‍ ഒളിവിലായിരുന്നു.