Anupama Parameswaran: 'എല്ലാ പുരുഷന്മാരും എന്ന് പറയുന്നുണ്ടോ? റീച്ചിനായി എന്തും പറയരുത്': അനുപമ പരമേശ്വരന്റെ മറുപടി
സിനിമയുടെ റിലീസിന് പിന്നാലെ ഒരു ട്വിറ്റർ അക്കൗണ്ടിൽ സിനിമയ്ക്ക് നേരെ വന്ന റിവ്യൂ ശ്രദ്ധ നേടിയിരുന്നു.
അനുപമ പരമേശ്വരനും ദർശന രാജേന്ദ്രനും പ്രധാന വേഷങ്ങളിൽ എത്തുന്ന ചിത്രമാണ് പര്‍ദ്ദ. ശക്തമായ സ്ത്രീ കഥാപാത്രങ്ങളുടെ കഥ പറയുന്ന ചിത്രത്തിന്റെ പ്രൊമോഷൻ തിരക്കിലാണ് അനുപമയും ദർശനയും. പ്രവീൺ കന്ദ്രേഗുല സംവിധാനം ചെയത സിനിമ തിയേറ്ററുകളിലെത്തി. സിനിമയുടെ റിലീസിന് പിന്നാലെ ഒരു ട്വിറ്റർ അക്കൗണ്ടിൽ സിനിമയ്ക്ക് നേരെ വന്ന റിവ്യൂ ശ്രദ്ധ നേടിയിരുന്നു.
സ്ത്രീകൾ നേരിടുന്ന എല്ലാ പ്രശ്നത്തിനും കാരണം പുരുഷന്മാരാണെന്ന സന്ദേശമാണെന്ന തരത്തിലാണ് പർദ്ദ എന്ന സിനിമ പറഞ്ഞു വെക്കുന്നത് എന്നാണ് പോസ്റ്റ്. ഇതിന് കടുത്ത ഭാഷയിൽ മറുപടി നൽകിയിരിക്കുകയാണ് അനുപമ പരമേശ്വരൻ. പേജിന് റീച്ച് കൂട്ടാനായി തെറ്റിദ്ധരിപ്പിക്കുന്ന വാർത്തകൾ പ്രചരിപ്പിക്കരുതെന്ന് അനുപമ പറഞ്ഞു.
'എല്ലാ പുരുഷന്മാരോ ? ശരിക്കും എല്ലാ പുരുഷൻമ്മാരും എന്നാണോ ? പേജിന്റെ റീച്ച് കൂട്ടുന്നതിനായി ആളുകളെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കുന്നത് ശരിയല്ല', അനുപമ പറഞ്ഞു.
അതേസമയം, സാമൂഹിക വിലക്കുകളെ ചോദ്യം ചെയ്യുന്ന പ്രമേയവുമായെത്തുന്ന ചിത്രം തെലുങ്കിലും മലയാളത്തിലും ആയി ഇന്നലെ റീലീസ് ചെയ്തു. മികച്ച പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. മുഖം 'പര്‍ദ്ദ'കൊണ്ട് മറയ്ക്കുന്ന ഒരു പാരമ്പര്യമുള്ള ഗ്രാമത്തില്‍ ജീവിക്കുന്ന സുബ്ബു എന്ന പെണ്‍കുട്ടിയുടെ കഥയാണ് ചിത്രം പറയുന്നത്. അനുപമ പരമേശ്വരനാണ് സുബ്ബുവായി എത്തുന്നത്.