സംവിധായകൻ അനുരാഗ് കശ്യപിനെതിരെ ഉയർന്ന ബലാത്സംഗകേസ് വ്യാജവും അടിസ്ഥാനരഹിതവുമാണെന്ന് അനുരാഗ് കശ്യപിന്റെ അഭിഭാഷക പ്രിയങ്കാ ഖിമാനി. പത്രക്കുറിപ്പിലൂടെയാണ് പ്രിയങ്കാ ഖിമാനി ഇക്കാര്യം വ്യക്തമാക്കിയത്. നടി പീഡനത്തിനിരയായി എന്ന് പറയുന്ന 2013 ഓഗസ്റ്റിൽ അനുരാഗ് ഒരുമാസക്കാലമായി ഇന്ത്യയിൽ ഉണ്ടായിരുന്നില്ല.ഇതിന്റെ തെളിവുകൾ അന്വേഷണ ഉദ്യോഗസ്ഥർക്ക് കൈമാറിയിട്ടുണ്ടെന്നും ഖിമാനി പറഞ്ഞു.
ഒരു ടിവി പരിപാടിക്കിടെയാണ് അനുരാഗ് കശ്യപിനെതിരെ നടി ആരോപണം ഉന്നയിച്ചത്. എന്നാൽ തനിക്ക് നേരെ ഉയർന്ന ആരോപണങ്ങളെല്ലാം അനുരാഗ് കശ്യപ് തള്ളികളഞ്ഞു. ഇതിനെ തുടർന്ന് മുന്‍ ഭാര്യമാരും കാമുകിയും അനുരാഗ് കശ്യപിനെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരുന്നു. പിന്നീടാണ് നടി പോലീസിൽ പരാതി നൽകിയത്. തനിക്ക് എതിരെ ഉയര്‍ന്ന ആരോപണങ്ങളെല്ലാം അനുരാഗ് പൊലീസിനോട് നിഷേധിച്ചെന്നും അഭിഭാഷക പറയുന്നു. അപകീർത്തിപെടുത്താനാണ് നടി അനുരാഗിനെതിരെ പരാതി ഉന്നയിച്ചതെന്നും മീറ്റൂ മൂവ്‌മെന്റിനെ ഇങ്ങനെ ദുരൂപയോഗം ചെയ്തതിന് പരാതിക്കാരിക്കെതിരെ നടപടിയെടുക്കണമെന്നും പത്രക്കുറിപ്പിൽ അഭിഭാഷക ആവശ്യപ്പെട്ടു.