A.R Rahman: 'കാശില്ലെങ്കിൽ മോനേയും കൂട്ടി പിച്ചയെടുക്ക്'; സ്‌കൂളിൽ നിന്നും റഹ്‌മാന്റെ അമ്മ നേരിട്ട അപമാനം
പട്ടിണിയും ദാരിദ്ര്യവും ഒരുപാട് അനുഭവിച്ചിട്ടുണ്ട് റഹ്മാൻ.
സംഗീത ലോകത്തിലേക്ക് കടന്നുവന്ന ശേഷം എ.ആർ റഹ്‌മാന് പിന്നീടൊരിക്കലും തിരിഞ്ഞുനോക്കേണ്ടി വന്നിട്ടില്ല. ഇന്ത്യൻ സിനിമയിൽ ഏറ്റവും അധികം പ്രതിഫലം വാങ്ങുന്ന സംഗീത സംവിധായകൻ കൂടിയാണ് അദ്ദേഹം. ഇന്ന് റഹ്മാന് എല്ലാമുണ്ട്. പണവും പ്രശസ്തിയും സമൂഹത്തിന്റെ ആദരവുമെല്ലാം.
എന്നാൽ റഹ്മാന്റെ കുട്ടിക്കാലം പ്രതിസന്ധികളുടേതായിരുന്നു. അച്ഛന്റെ മരണത്തെ തുടർന്ന് ഒമ്പതാം വയസ് മുതൽ റഹ്മാന് ജോലിയ്ക്ക് പോകേണ്ടി വന്നു. പട്ടിണിയും ദാരിദ്ര്യവും ഒരുപാട് അനുഭവിച്ചിട്ടുണ്ട് റഹ്മാൻ.
ദാരിദ്ര്യവും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളും റഹ്മാന്റെ വിദ്യാഭ്യാസത്തെ സാരമായി തന്നെ ബാധിച്ചിരുന്നു. തന്റെ വഴി സംഗീതമാണെന്ന് തീരുമാനിച്ചതോടെയാണ് റഹ്മാൻ പഠനം ഉപേക്ഷിക്കുന്നത്. എന്നാൽ അതിന് മുമ്പു തന്നെ സ്‌കൂൾ ജീവിതത്തോട് മുഖം തിരിക്കാൻ റഹ്മാനെ പ്രേരിപ്പിച്ച മറ്റൊരു സംഭവമുണ്ടായിട്ടുണ്ട്.
ഒരിക്കൽ റഹ്മാന്റെ അമ്മയ്ക്ക് സ്‌കൂളിൽ നിന്നും നേരിട്ട അപമാനം റഹ്മാന്റെ മനസിൽ കാലമൊരുപാട് കഴിഞ്ഞിട്ടും മായാതെ കിടപ്പുണ്ട്. ആ സംഭവത്തെ കുറിച്ച് റഹ്‌മാൻ ഒരിക്കൽ തുറന്നു പറഞ്ഞിട്ടുമുണ്ട്. അച്ഛന്റെ മരണവും തുടർന്ന് കുടുംബം നോക്കാൻ ജോലിക്ക് പോകേണ്ടി വന്നതിനാലുമൊക്കെ പഠനത്തിൽ ശ്രദ്ധിക്കാൻ റഹ്മാന് സാധിച്ചിരുന്നില്ല. ക്ലാസിൽ വരുന്നത് തന്നെ കുറവായിരുന്നു. ഇതോടെ ചില വിഷയങ്ങളിൽ തോൽക്കുകയും ചെയ്തു. കൃത്യസമയത്ത് ഫീസ് കൊടുക്കാനും കഴിഞ്ഞിരുന്നില്ല.
ഇക്കാര്യങ്ങൾ കുറിച്ചെല്ലാം സ്‌കൂൾ അധികൃതരുമായി സംസാരിക്കുന്നതിനായി അമ്മ കരീമ ബീഗം സ്‌കൂളിലെത്തി. എന്നാൽ 'പണമില്ലെങ്കിൽ മകനേയും കൂട്ടി കോടമ്പാക്കം ഫുഡ്പാത്തിൽ പോയിരുന്ന് പിച്ചയെടുക്ക്' എന്നായിരുന്നു സ്‌കൂൾ അധികൃതരുടെ മറുപടി.
തന്റെ അമ്മ നേരിട്ട ആ അപമാനത്തെക്കുറിച്ച് കാലങ്ങൾക്ക് ശേഷം ഒരു അഭിമുഖത്തിൽ റഹ്മാൻ തന്നെ തുറന്ന് പറയുകയും ചെയ്യുന്നുണ്ട്. ഒരിക്കൽ അപമാനിച്ചു വിട്ട അതേ സ്‌കൂൾ പിന്നീട് തന്റെ പേര് പറഞ്ഞ് അഭിമാനിക്കുന്നത് കാണാൻ റഹ്മാന് സാധിച്ചുവെന്നതാണ് കഥയിലെ കാവ്യനീതി.