സംഗീത സംവിധായകൻ എ ആർ റഹ്മാന്റെ മുൻ ഭാര്യ സൈറ ബാനു ആശുപത്രിയിൽ. സൈറയെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയയാക്കിയാതായി റിപ്പോർട്ട്. ആരോഗ്യം വീണ്ടെടുക്കാൻ എല്ലാവരുടെയും പ്രാർഥനയും പിന്തുണയും ആവശ്യമുണ്ടെന്നും സൈറയുടെ അഭിഭാഷകയും സുഹൃത്തുമായ വന്ദന ഷാ ഔദ്യോഗിക പ്രസ്താവനയിലൂടെ അറിയിച്ചു.
ആശുപത്രിവാസത്തിനിടെ പിന്തുണയും സഹായവും നല്‍കിയതിന് എ ആര്‍ റഹ്‌മാനോട് സൈറ പ്രത്യേകം നന്ദിയും അറിയിച്ചിട്ടുണ്ട്. എന്നാൽ സൈറയുടെ അസുഖം എന്താണെന്നത് സംബന്ധിച്ചോ അസുഖത്തിന്‍റെ മറ്റു വിശദാംശങ്ങളോ ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തിയിട്ടില്ല.
"ആരോഗ്യ പ്രശ്‌നങ്ങളെ തുടര്‍ന്ന് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പ് സൈറ റഹ്‌മാനെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും, അവര്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാകുകയും ചെയ്തു. ഇപ്പോള്‍ പെട്ടന്ന് രോഗമുക്തി നേടാനുള്ള ശ്രമത്തിലാണ് സൈറ റഹ്‌മാന്‍. ഈ ഒരവസ്ഥയില്‍ കൂടെ നിന്നവര്‍ക്കും, പ്രാര്‍ഥിച്ചവര്‍ക്കും എല്ലാം സൈറ നന്ദി അറിയിക്കുന്നു. പ്രത്യേകിച്ചും ലോസ് ഏഞ്ചല്‍സിലുള്ള സൈറ റഹ്‌മാന്റെ സുഹൃത്തുക്കള്‍ക്കും റസൂല്‍ പൂക്കുട്ടിക്കും അദ്ദേഹത്തിന്റെ ഭാര്യ ഷാഹിദയ്ക്കും റഹ്‌മാനും നന്ദി. ഈ അവസ്ഥയില്‍ സൈറ സ്വകാര്യത ആഗ്രഹിക്കുന്നു".- പ്രസ്താവനയില്‍ വന്ദനാ ഷാ വ്യക്തമാക്കി.