Select Your Language

Notifications

webdunia
webdunia
webdunia
webdunia

Asif Ali: 'മോനേ ആസിഫേ, ഈ ട്രാക്കില്‍ അങ്ങ് പൊക്കോ'; ഫീനിക്‌സ് പക്ഷിയെ പോലെ ഉയര്‍ന്നുപൊങ്ങി ആസിഫ് അലി

നിലവിലെ ട്രാക്കില്‍ തുടരാനാണ് ആരാധകര്‍ ആസിഫിനോടു ആവശ്യപ്പെടുന്നത്

Asif Ali

രേണുക വേണു

, വെള്ളി, 10 ജനുവരി 2025 (09:02 IST)
Asif Ali

Asif Ali: വിജയവഴിയില്‍ തുടര്‍ന്ന് മലയാളത്തിന്റെ പ്രിയതാരം ആസിഫ് അലി. 2025 ലെ താരത്തിന്റെ ആദ്യ സിനിമയായ 'രേഖാചിത്രം' തിയറ്ററുകളില്‍ മികച്ച പ്രതികരണം നേടുകയാണ്. ഈ വര്‍ഷത്തെ ആദ്യ സൂപ്പര്‍ഹിറ്റ് ആയിരിക്കും ഈ ആസിഫ് അലി ചിത്രമെന്ന് ഏറെക്കുറെ ഉറപ്പായി. 2024 ലെ വിജയക്കുതിപ്പ് തുടരുകയാണ് ആസിഫ്. 
 
ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്ര'ത്തില്‍ സി.ഐ. വിവേക് ഗോപിനാഥ് എന്ന പൊലീസ് കഥാപാത്രത്തെയാണ് ആസിഫ് അവതരിപ്പിച്ചിരിക്കുന്നത്. മുന്‍പ് പല സിനിമകളിലും സമാനമായ പൊലീസ് കഥാപാത്രങ്ങള്‍ ചെയ്തിട്ടുണ്ടെങ്കിലും രേഖാചിത്രത്തിലെ വിവേക് ഗോപിനാഥ് എന്ന കഥാപാത്രത്തിനു ഒരു അതുല്യത നല്‍കാന്‍ ആസിഫിലെ നടനു സാധിച്ചിട്ടുണ്ട്. 
 
ജിസ് ജോയ് സംവിധാനം ചെയ്ത 'തലവനി'ല്‍ നിന്നാണ് ആസിഫ് ഇപ്പോഴത്തെ വിജയയാത്രയ്ക്കു തുടക്കമിട്ടത്. തലവന്റെ ബോക്‌സ്ഓഫീസ് വിജയത്തിലൂടെ തുടര്‍ പരാജയങ്ങളില്‍ നിന്ന് കരകയറുകയായിരുന്നു താരം. പിന്നീട് എത്തിയ ലെവല്‍ ക്രോസ് ബോക്‌സ്ഓഫീസില്‍ വിജയമായില്ലെങ്കിലും ആസിഫിന്റെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടു. അഡിയോസ് അമിഗോയിലൂടെ തന്നിലെ നടനെ വെല്ലുവിളിക്കാനും 2024 ല്‍ ആസിഫ് അലിക്കു സാധിച്ചു. അഡിയോസ് അമിഗോ ബോക്‌സ്ഓഫീസില്‍ മെച്ചപ്പെട്ട പ്രകടനം കാഴ്ചവെച്ചിരുന്നു. അതിനുശേഷം വന്ന കിഷ്‌കിന്ധാ കാണ്ഡം പോയ വര്‍ഷത്തെ ഏറ്റവും വലിയ ബോക്‌സ്ഓഫീസ് വിജയങ്ങളില്‍ ഒന്നാണ്. കിഷ്‌കിന്ധാ കാണ്ഡത്തിന്റെ വിജയത്തിനു ശേഷമാണ് രേഖാചിത്രം തിയറ്ററുകളിലെത്തുന്നത്. 
 
നിലവിലെ ട്രാക്കില്‍ തുടരാനാണ് ആരാധകര്‍ ആസിഫിനോടു ആവശ്യപ്പെടുന്നത്. കൂടുതല്‍ നല്ല സിനിമകളുടെ ഭാഗമാകാന്‍ ആസിഫിനു സാധിക്കട്ടെയെന്നും ആരാധകര്‍ ആശംസിക്കുന്നു. 'ഫീല്‍ഡ് ഔട്ട് ആകാറായി' എന്നു ഹേറ്റേഴ്‌സ് പരിഹസിച്ചിടത്തു നിന്നാണ് ഒരു ഫീനിക്‌സ് പക്ഷിയെ പോലെ ആസിഫ് ഉയര്‍ന്നുപൊങ്ങിയിരിക്കുന്നത്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

സജ്ഞയ് ലീല ബൻസാലിയുടെ നായകനാകാൻ അല്ലു അർജുൻ?