Rekhachithram Release: ത്രില്ലടിപ്പിക്കാന്‍ 'രേഖാചിത്രം' വരുന്നു; സര്‍പ്രൈസ് സാന്നിധ്യമായി മമ്മൂട്ടിയും?
മനോജ് കെ.ജയന്‍, ഹരിശ്രീ അശോകന്‍, സിദ്ധിഖ്, ഇന്ദ്രന്‍സ്, ജഗദീഷ് എന്നിവരും ഈ സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു
Rekhachithram Release: ജോഫിന്‍ ടി ചാക്കോ സംവിധാനം ചെയ്ത 'രേഖാചിത്രം' ജനുവരി ഒന്‍പതിന് തിയറ്ററുകളിലെത്തും. ആസിഫ് അലി, അനശ്വര രാജന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം ഒരു മിസ്റ്ററി ക്രൈം ത്രില്ലര്‍ ആണ്. ജോണ്‍ മന്ത്രിക്കല്‍, രാമു സുനില്‍ എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ.
മനോജ് കെ.ജയന്‍, ഹരിശ്രീ അശോകന്‍, സിദ്ധിഖ്, ഇന്ദ്രന്‍സ്, ജഗദീഷ് എന്നിവരും ഈ സിനിമയില്‍ ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സര്‍പ്രൈസ് ആയി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ സാന്നിധ്യവും ഈ സിനിമയിലുണ്ടെന്നാണ് വിവരം. ശബ്ദം കൊണ്ടായിരിക്കും മമ്മൂട്ടി ഈ സിനിമയുടെ ഭാഗമായിരിക്കുന്നതെന്ന് സ്ഥിരീകരിക്കാത്ത റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ എഐ ഇമേജ് ചിത്രത്തില്‍ കാണിക്കുന്നുണ്ടെന്നാണ് മറ്റൊരു റിപ്പോര്‍ട്ട്.
40 വര്‍ഷം മുന്‍പത്തെ ഒരു മരണം അന്വേഷിക്കുന്ന സിഐ വിവേക് ഗോപിനാഥ് എന്ന കഥാപാത്രത്തെയാണ് ആസിഫ് അലി സിനിമയില്‍ അവതരിപ്പിച്ചിരിക്കുന്നത്. കാവ്യ ഫിലിം കമ്പനി, ആന്‍ മെഗാ മീഡിയ എന്നിവയുടെ ബാനറില്‍ വേണു കുന്നപ്പള്ളിയും ആന്റോ ജോസഫും ചേര്‍ന്നാണ് നിര്‍മാണം.