റിലീസ് ദിവസം തന്നെ സിനിമ കണ്ട് നെഗറ്റീവ് റിവ്യൂ പറയുന്നവർക്കെതിരെ നടൻ ബാബുരാജ്. പണം കൊടുത്ത് സിനിമ കാണുന്നവർക്ക് അഭിപ്രായം പറയാൻ അവകാശമുണ്ട്. എന്നാൽ എല്ലാ പടവും റിലീസ് ദിവസം കണ്ട് മോശം അഭിപ്രായം പറയുന്നവരുടെ ഉദ്ദേശം വേറെയാണെന്നും ഇത്തരം സമീപനം സിനിമയുടെ എല്ലാ തരത്തിലുള്ള ബിസിനസിനെയും ബാധിക്കുന്നുവെന്നും ബാബുരാജ് പറഞ്ഞു.
ടിക്കറ്റെടുത്ത് തിയറ്ററിൽ സിനിമ കാണുന്ന ആൾക്ക് പറയാനുള്ള അവകാശമുണ്ട്. പക്ഷേ അത് പരസ്യമായി പറയാൻ രണ്ട് ദിവസം കാത്തിരുന്നൂടെ. രണ്ട് ദിവസം സമയം കൊടുക്കു. ചിലപ്പോൾ സിനിമ രക്ഷപ്പെട്ടു പോയാലോ. ഒരാൾക്ക് ഇഷ്ടപ്പെടുന്ന പടം മറ്റൊരാൾക്ക് ഇഷ്ടമാകണമെന്നില്ല. ആദ്യ ദിനം സിനിമയെ മോശമായി പറയാൻ മാത്രം ചിലർ തിയേറ്ററിൽ എത്താറുണ്ട്. അങ്ങനെ മനപൂർവം താറടിച്ച് കാണിക്കേണ്ടതുണ്ടോ എന്ന് മാത്രമാണ് ഞാൻ ചോദിക്കുന്നത്. ബാബുരാജ് പറഞ്ഞു.