സമീപകാലത്തായി ചെറിയ സിനിമകളിലൂടെ കുടുംബപ്രേക്ഷകരെ കയ്യിലെടുത്ത നടനാണ് ബേസില്‍ ജോസഫ്. അതില്‍ തന്നെ അവസാനമായി തിയേറ്ററുകളിലെത്തിയ ബേസില്‍ സിനിമ വലിയ പ്രേക്ഷക പ്രശംസ ഏറ്റുവാങ്ങിയിരുന്നു. ഇപ്പോഴിതാ ജ്യോതിഷ് ശങ്കര്‍ സംവിധാനം ചെയ്ത ബേസില്‍ ചിത്രമായ പൊന്മാന്‍ ഒടിടി റിലീസിന് തയ്യാറായിരിക്കുകയാണ്. മാര്‍ച്ച് 14ന് ജിയോ ഹോട്ട്സ്റ്റാറിലാണ് സിനിമയുടെ സ്ട്രീമിംഗ് ആരംഭിക്കുക.
ജി ആര്‍ ഇന്ദുഗോപന്റെ നാലഞ്ച് ചെറുപ്പക്കാര്‍ എന്ന നോവലിനെ ആസ്പദമാക്കിയാണ് സിനിമ ഒരുക്കിയിരിക്കുന്നത്. സിനിമയില്‍ അജേഷ് എന്ന നായകകഥാപാത്രത്തെയാണ് ബേസില്‍ അവതരിപ്പിക്കുന്നത്. ലിജോമോള്‍ ജോസ്, സജിന്‍ ഗോപു, ആനന്ദ് മന്മഥന്‍ എന്നിവരാണ് മറ്റ് പ്രധാനവേഷങ്ങളെ അവതരിപ്പിച്ചിട്ടുള്ളത്. തിയേറ്ററുകളിലെത്തിയ സിനിമയ്ക്ക് വലിയ പ്രേക്ഷക- നിരുപക പ്രശംസ ലഭിച്ചിരുന്നു. ബേസില്‍ ജോസഫിന്റെ അഭിനയജീവിതത്തിലെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നായാണ് പൊന്മാനിലെ അജേഷ് എന്ന കഥാപാത്രത്തെ കണക്കാക്കുന്നത്.