Select Your Language

Notifications

webdunia
webdunia
webdunia
webdunia

14 വര്‍ഷങ്ങള്‍ക്ക് മുമ്പ് വിവാഹബന്ധം വേര്‍പിരിഞ്ഞു, വീണ്ടും ഒന്നിച്ച ഭാര്യയും ഭര്‍ത്താവും,'ബെറ്റര്‍ ഹാഫ്' വെബ് മൂവി പ്രേക്ഷകരിലേക്ക്

Better Half

കെ ആര്‍ അനൂപ്

, വ്യാഴം, 29 ഡിസം‌ബര്‍ 2022 (17:00 IST)
14 വർഷങ്ങൾക്കു മുൻപ് വിവാഹബന്ധം വേർപിരിഞ്ഞു പോയ ഒരു ഭാര്യയും, ഭർത്താവും വീണ്ടും ഒരുമിക്കുന്നു. കേൾക്കുമ്പോൾ തന്നെ ആശ്ച്ചര്യം തോന്നാമെങ്കിലും സംഭവം സത്യമാണ്‌. കുടുംബ ബന്ധങ്ങളുടെയും ദാമ്പത്യ ജീവിതത്തിന്‍റെയും മൂല്യങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന 'ബെറ്റര്‍ ഹാഫ്' വെബ് മൂവി പറയുന്നത് ആ കഥയാണ്. കാഞ്ഞിരപ്പള്ളിക്കാരൻ ടോമിയുടെയും, ഭാര്യ ബിന്ദുവിന്റേയും യഥാർത്ഥ ജീവിത കഥ. ചിത്രം ഇപ്പോൾ യൂ ട്യൂബിൽ ഫെയ്‌ത് ടുഡേ എന്ന ചാനലിൽ ലഭ്യമാണ്.
ഹാർവെസ്റ്, പവർ വിഷൻ, ജീവൻ എന്നീ ചാനലുകളും ചിത്രം ഇതിനോടകം പ്രദർശിപ്പിച്ചു കഴിഞ്ഞു. വലിയ പ്രതികരണമാണ് ഹൃദയസ്പർശിയായ ഈ കഥയ്ക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്. ഡോ. പി ജി വര്‍ഗ്ഗീസ് നേതൃത്വം നൽകി ഡല്‍ഹി കേന്ദ്രമായി പ്രവര്‍ത്തിച്ചു വരുന്ന ഇന്ത്യൻ ഇവാൻജെലിക്കൽ ടീം (IET) ന്റെ തന്നെ മറ്റൊരു ശാഖയായ ഫെയ്‌ത് ടുഡേ ആണ് ചിത്രത്തിന്റെ നിർമ്മാണം. കാലത്തിന്റെ മാറ്റങ്ങൾക്കനുസരിച്ചു സമൂഹത്തിലേക്ക് ആശയങ്ങൾ എത്തിക്കുന്ന രീതികളും മാറണമെന്ന് സുവിശേഷ പ്രഘോഷണ രംഗത്ത് പതിറ്റാണ്ടുകളായി പ്രവർത്തിക്കുന്ന ചിത്രത്തിന്‍റെ നിര്‍മ്മാതാവും, IET യുടെ സ്ഥാപകനുമായ ഡോ. പി ജി വര്‍ഗ്ഗീസിനു നിര്ബന്ധമുണ്ടായിരുന്നു.

അത്തരമൊരു ആശയത്തിൽ നിന്നുമാണ് ഇത്തരത്തിൽ ഒരു ചിത്രം പിറന്നത്. മുൻപും ദൃശ്യമാധ്യമ രംഗത്ത് പല സംഭാവനകളും നൽകിയിട്ടുണ്ടെങ്കിലും ഇതാദ്യമായാണ് ഇത്ര വലിയ ക്യാൻവാസിൽ ബൃഹത്തായ ഒരു പ്രോജക്ടിന് IET മുൻകൈയെടുക്കുന്നത്. ഇന്ന് നിസ്സാരകാര്യങ്ങളില്‍ പോലും ദമ്പതികള്‍ വിവാഹ മോചിതരാകുന്നു. ഇവിടെ ദാമ്പത്യത്തിന്‍റെ പവിത്രത നഷ്ടപ്പെടുകയാണ്. അത്തരമൊരു സാഹചര്യത്തിൽ ഇങ്ങനെ ഒരു കഥയ്ക്ക് ഏറെ പ്രസക്തിയുണ്ടെന്ന് പി. ജി. വർഗീസ് പറഞ്ഞു. കാരണം, ഇത്‌ ജീവിതമാണ്.. യഥാർത്ഥ അനുഭവമാണ്... സത്യമായ കാര്യങ്ങളാണ്.... ആ അനുഭവം തീർച്ചയായും ചിലരെ എങ്കിലും സ്പർശിക്കും. എന്തെങ്കിലും തരത്തിലുള്ള ലാഭേച്ഛയോടെ നിർമ്മിച്ച ചിത്രമല്ല ഇത്‌. പരമാവധി ആളുകളിലേക്ക്‌ ചിത്രം എത്തുക, പരമാവധി പേർ കാണുക എന്നത് മാത്രമാണ് ലക്‌ഷ്യം. അതിനായി ഏറ്റവും നല്ല ടെക്നിക്കൽ പെർഫെക്ഷനോടെയാണ് ബെറ്റർ ഹാഫ് ഒരുക്കിയിരിക്കുന്നത്. വിവിധ പ്ലാറ്റ്ഫോമുകളിലൂടെ ചിത്രം തികച്ചും സൗജന്യമായിട്ടായിരിക്കും പ്രേക്ഷകരിലേക്കെത്തുക. നിർമാണത്തിലെ ക്വാളിറ്റിയും, ആത്മാർത്ഥതയും പറയുന്ന കഥയ്ക്കും വേണമായിരുന്നു. അത്തരമൊരു ചിന്തയുമായി നടക്കുന്ന നാളുകളിലാണ് യാദൃശ്ചികമായി ഒരു ഭാര്യയെയും, ഭർത്താവിനെയും കണ്ടു മുട്ടുന്നത്. ടോമിയും, ബിന്ദുവും.. അവരുടെ ജീവിതം എന്നെ സ്പർശിച്ചു.. തീർച്ചയായും അവരുടെ കഥ പരമാവധി ആളുകളിലേക്ക്‌ എത്തിക്കണമെന്ന് എനിക്ക് തോന്നി. കാരണം വല്ലാത്തൊരു ഇൻസ്പിറേഷൻ സ്വഭാവം അതിനുണ്ട്. കാലങ്ങളായുള്ള തന്റെ ആഗ്രഹം പോലെ ആ ക്വാളിറ്റി ഫിലിമിനുള്ള സബ്ജക്റ്റ് ആണ് ടോമിയുടെയും, ബിന്ദുവിന്റേയും ജീവിതമെന്ന് തോന്നി. പി. ജി. വര്‍ഗ്ഗീസ് പറഞ്ഞു. ഈ ചിത്രം ആയിരക്കണക്കിന്.. പതിനായിരക്കണക്കിന്.. അല്ല, ലക്ഷക്കണക്കിന് ആളുകളിൽ മാറ്റം വരുത്തട്ടെ എന്ന് താന്‍ ആത്മാർത്ഥമായി ആഗ്രഹിക്കുന്നെന്നു അദ്ദേഹം വ്യക്തമാക്കി. 
 
മലയാളത്തിൽ ഒരുപിടി നല്ല ചിത്രങ്ങളൊരുക്കിയിട്ടുള്ള സംവിധായകനും ആഡ് ഫിലിം മേക്കറുമായ സൂരജ് ടോം നേതൃത്വം നൽകുന്ന സ്റ്റെപ് 2 ഫിലിംസ് ആണ് ഫെയ്‌ത് ടുഡേയ്ക്ക് വേണ്ടി ഈ ചിത്രം ഒരുക്കിയിരിക്കുന്നത്. യഥാര്‍ത്ഥ ജീവിത കഥയെ അതേ ഭാവ തീവ്രതയോടെയാണ് സൂരജ് ടോമും, സംഘവും ഈ ചിത്രത്തില്‍ ആവിഷ്ക്കരിച്ചിരിക്കുന്നത്. ഫെയ്‌ത് ടുഡേ ഒരു ക്രിസ്ത്യൻ ഓർഗനൈസേഷൻ ആണെങ്കിലും ഒരിക്കലും ഒരു തനി ക്രിസ്തീയ ചിത്രമായല്ല, ബെറ്റർ ഹാഫ് ഒരുക്കിയിരിക്കുന്നത്‌. മറിച്ച്‌ എല്ലാത്തരം ആളുകളിലേക്കും ഒരുപോലെ സംവദിക്കുന്ന തരത്തിൽ ഉള്ള ഒരു സമീപനമാണ് ഇതിന് വേണ്ടി അവർ സ്വീകരിച്ചിരിക്കുന്നത്. സ്ഥിരമായി ചെയ്തു കൊണ്ടിരിക്കുന്ന പരസ്യചിത്രങ്ങളുടെയും, സിനിമകളുടെയും ഇടയിൽ സമൂഹത്തിലേക്ക് വെളിച്ചം പകരാന്‍ കഴിയുന്ന ഇത്തരമൊരു സന്ദേശം ഒരു ചിത്രമായി ആവിഷ്ക്കരിക്കാന്‍ കഴിഞ്ഞതില്‍ ഏറെ സന്തോഷമുണ്ടെന്ന് സംവിധായകന്‍ സൂരജ് ടോം പറഞ്ഞു. ഒരു കൊമേഴ്സ്യല്‍ ചിത്രത്തിന്‍റെ എല്ലാ ചേരുവകളും ചേര്‍ത്തൊരുക്കിയ ബെറ്റര്‍ ഹാഫ് എല്ലാത്തരം പ്രേക്ഷകർക്കും ആസ്വദിക്കാൻ കഴിയുന്ന ഒരു ചിത്രമാണെന്നും സംവിധായകന്‍ കൂട്ടിച്ചേർത്തു. 
 
പാവ, വികൃതി എന്നീ സിനിമകള്‍ക്ക് കഥയും തിരക്കഥയും ഒരുക്കിയ അജീഷ് പി തോമസിന്‍റേതാണ് തിരക്കഥ. മലയാളത്തില്‍ ഏറെ ശ്രദ്ധിക്കപ്പെട്ട ട്രാഫിക്, മേല്‍വിലാസം, പള്ളിക്കൂടം പോകാമലെ, പാസ്സ് ബോസ്സ് (തമിഴ്) എന്നീ സിനിമകള്‍ക്ക് സംഗീതം ഒരുക്കിയ സാംസണ്‍ കോട്ടൂരിന്‍റേതാണ് ബെറ്റര്‍ ഹാഫിന്റെ പശ്ചാത്തല സംഗീതം. ഗാനരചന, സംഗീതം റോണാ കോട്ടൂർ, പാടിയത് അഭിജിത് കൊല്ലം 
 
പാ.വ, മേരാനാം ഷാജി, മംഗല്യം തന്തുനാനേ, കൃഷ്ണൻകുട്ടി പണി തുടങ്ങി എന്നീ ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷം ചെയ്ത ജോമോന്‍ കെ ജോണ്‍ ആണ് ബെറ്റര്‍ ഹാഫിലെ നായകന്‍. ഒരു ഞായറാഴ്ച, ഭീമന്റെ വഴി, ഹൃദയം, ഭാരത സർക്കസ് എന്നീ ചിത്രങ്ങളിൽ അഭിനയിച്ച മേഘ തോമസാണ് നായിക. അയ്യപ്പനും കോശിയും എന്ന ജനപ്രിയ ചിത്രത്തിലൂടെ സിനിമയിലെത്തിയ കോട്ടയം രമേശന്‍, ഡോ. റോണി ഡേവിഡ്, ഗ്രീഷ്മ എന്നിവരാണ് അഭിനേതാക്കള്‍.
ബാനര്‍ ഫെയ്‌ത് ടുഡേ, നിര്‍മ്മാണം ഡോ. പി.ജി വര്‍ഗ്ഗീസ്, സാക്ഷാത്കാരം സ്റ്റെപ് 2 ഫിലിംസ്, രചന അജീഷ് പി തോമസ്, ഛായാഗ്രഹണം സാഗര്‍ അയ്യപ്പന്‍, ഗാനരചന, സംഗീതം റോണ കോട്ടൂര്‍, പശ്ചാത്തല സംഗീതം സാംസണ്‍ കോട്ടൂർ,‍ പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ അമ്പിളി, എഡിറ്റിങ് രാജേഷ് കോടോത്ത്, ആര്‍ട്ട് അഖില്‍ കുമ്പിടി, അനീഷ് സോനാലി, കോസ്റ്റ്യും ആരതി ഗോപാല്‍, മേക്കപ്പ് നജില്‍ അഞ്ചല്‍, പി. ആര്‍. ഒ. പി ആര്‍ സുമേരന്‍, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍ രതീഷ് എസ്, അസോസിയേറ്റ് ഡയറക്ടര്‍ അനൂപ് അരവിന്ദന്‍, സൗണ്ട് ഡിസൈന്‍ മനോജ് മാത്യു, സ്റ്റില്‍സ്സ്‌ സിജോ വര്‍ഗ്ഗീസ്, പോസ്റ്റര്‍ ഡിസൈന്‍ ആര്‍ട്ടോകാര്‍പസ്, കളറിസ്റ്റ് ബിപിൻ വർമ്മ, സ്റ്റുഡിയോ ടീം മീഡിയ കൊച്ചി എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.
 
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

തെന്നിന്ത്യന്‍ സിനിമകളില്‍ മാസ് മസാലയും ഐറ്റം നമ്പറുകളും മാത്രം:രശ്മിക