Bijukkuttan: 'എനിക്ക് കുഴപ്പമൊന്നുമില്ല, എല്ലാവരും വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം': ബിജുക്കുട്ടൻ
അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.
കഴിഞ്ഞ ദിവസമാണ് നടന്‍ ബിജുക്കുട്ടന് അപകടം സംഭവിച്ചത്. നടൻ ഓടിച്ച വാഹനം അപകടത്തില്‍ പെടുകയായിരുന്നു. പാലക്കാട് വച്ചായിരുന്നു അപകടമുണ്ടായത്. ബിജുക്കുട്ടന്റെ കാര്‍ നിർത്തിയിട്ടിരുന്ന ലോറിയില്‍ ചെന്നിടിക്കുകയായിരുന്നു. താരസംഘടനയായ അമ്മയുടെ തെരഞ്ഞെടുപ്പില്‍ പങ്കെടുക്കാനായി പോവുകയായിരുന്നു ബിജുക്കുട്ടന്‍. അപകടത്തില്‍ കാറിന്റെ മുന്‍ഭാഗം തകര്‍ന്നു.
അപകടത്തില്‍ തനിക്ക് ഗുരുതരമായ പരുക്കളൊന്നും സംഭവിച്ചിട്ടില്ലെന്ന് ബിജുക്കുട്ടന്‍ പറയുന്നു. സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച വിഡിയോയിലൂടെയായിരുന്നു താരത്തിന്റെ പ്രതികരണം. വിരലില്‍ മാത്രമാണ് പരുക്കേറ്റതെന്നും താരം പറയുന്നു.
'എനിക്കൊരു അപകടമുണ്ടായി. പാലക്കാട് വച്ചായിരുന്നു സംഭവം. പക്ഷെ എനിക്കും കൂടെ ഉണ്ടായിരുന്ന കൂട്ടുകാരന്‍ സുധി മാധവിനും കുഴപ്പമൊന്നുമില്ല. അവന്‍ ഇന്ന് ഡിസ്ചാര്‍ജ് ആയിട്ടുണ്ട്. വാഹനത്തിന് വലിയ കേടുപാടുകള്‍ സംഭവിച്ചെങ്കിലും ഭാഗ്യത്തിന് ഞങ്ങള്‍ക്ക് കാര്യമായി ഒന്നും സംഭവിച്ചില്ല. ഒരു വിരലിനാണ് പരുക്ക് പറ്റിയത്. ഇപ്പോള്‍ ആശുപത്രിയില്‍ നിന്നും വീട്ടിലെത്തി. മൂന്ന് നാല് ദിവസത്തെ വിശ്രമം മതിയാകും.
എന്നെ ഒരുപാട് ആളുകള്‍ വിളിക്കുകയും മെസേജ് അയക്കുകയും ചെയ്യുന്നുണ്ട്. അതുകൊണ്ടാണ് ഫെയ്‌സ്ബുക്ക് ലൈവ് ചെയ്യാന്‍ തീരുമാനിച്ചത്. എല്ലാവരുടേയും പ്രാര്‍ത്ഥനയ്ക്ക് നന്ദി. വേഗത കുറച്ച് മാന്യമായി വണ്ടി ഓടിക്കണം എന്നാണ് എല്ലാവരോടും പറയാനുള്ളത്. റോഡിലെ മര്യാദ പാലിച്ച് വണ്ടിയോടിക്കുന്ന ആളാണ് ഞാന്‍. ഡ്രൈവറെക്കൊണ്ടും അങ്ങനെയാണ് വണ്ടി ഓടിപ്പിക്കുന്നത്. സ്പീഡില്‍ വാഹനം ഓടിക്കാറില്ല. വൈകിയെത്തിയാലും കുഴപ്പമില്ലെന്ന് വിശ്വസിക്കുന്ന ആളണ്. ഇത്രയും നാളായിട്ടും പെറ്റിക്കേസ് പോലുമില്ല. അത്ര സുക്ഷ്മതയുണ്ട്', നടൻ പറഞ്ഞു.