ജെഎൻയു ക്യാമ്പസിൽ നേരിട്ടെത്തി വിദ്യാർത്ഥികൾക്ക് പിന്തുണ പ്രഖ്യാപിച്ച നടി ദീപിക പദുക്കോണിനെതിരെ ബിജെപി നേതാവ് തേജീന്ദർ പാൽ സിങ് ബഗ്ഗ. ദീപിക പദുക്കോൺ അഭിനയിക്കുന്ന ചിത്രങ്ങൾ ബഹിഷ്ക്കരിക്കണമെന്നാണ് ബിജെപി നേതാവിന്റെ നിർദേശം.
തുക്ടെ തുക്ടെ സംഘത്തിനെ പിന്തുണച്ചതിൽ പ്രതിഷേധിച്ച് ദീപികയുടെ സിനിമകൾ ബഹിഷ്ക്കരിക്കാൻ ഞാൻ എല്ലാവരോടും അഭ്യർത്ഥിക്കുന്നു എന്നതായിരുന്നു ബഗ്ഗയുടെ ട്വീറ്റ്.
ജെഎൻയു വിദ്യാർത്ഥികൾക്ക് നേരെയുണ്ടായ ആക്രമണത്തിൽ പ്രതിഷേധിച്ച് അധ്യാപകരും വിദ്യാർത്ഥികളും സർവകലാശാലക്ക് പുറത്ത് പ്രതിഷേധം നടത്തുന്നതിനിടെയായിരുന്നു ദീപികയുടെ സന്ദർശനം. ഇന്നലെ വൈകീട്ട് എട്ടുമണിയോടെ വിദ്യാർത്ഥികൾക്ക് പിന്തുണയുമായി ക്യാമ്പസിലെത്തിയ ദീപിക പതിനഞ്ചു മിനിറ്റോളം വിദ്യാർത്ഥികളോട് സംസാരിച്ചാണ് മടങ്ങിയത്. വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റ് ഐഷി ഘോഷ്,മുൻ പ്രസിഡന്റും സിപിഐ നേതാവുമായ കന്നയ്യ കുമാർ എന്നിവരോടും ദീപിക സംസാരിച്ചു.