ജയിലിൽ 'മെയിൻ' ആയി, കോടതി വിധി ഗൗനിക്കാതെ ആള് കളിച്ച ബോചെയെ കോടതി വിരട്ടി; മിന്നൽ വേഗത്തിൽ പുറത്തിറങ്ങി
കോടതി വിരട്ടി; മിന്നൽ വേഗത്തിൽ ബോബി ചെമ്മണ്ണൂർ പുറത്തിറങ്ങി
കൊച്ചി: നടി ഹണി റോസിനെതിരെ ദ്വയാർത്ഥ പ്രയോഗം നടത്തിയ കേസിൽ അറസ്റ്റിലായ ബോബി ചെമ്മണൂർ ജാമ്യത്തിൽ പുറത്തിറങ്ങി. ജാമ്യം കിട്ടിയിട്ടും ജയിലിൽ തുടർന്ന നടപടിയിൽ ഹൈക്കോടതി സ്വമേധമയ കേസെടുത്തത്തിന് പിന്നാലെയാണ് ബോചെ ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. കോടതി കേസെടുത്തതിന് തൊട്ടുപിന്നാലെയായിരുന്നു പുറത്തിറങ്ങൽ.
ചൊവ്വാഴ്ച ജാമ്യം ലഭിച്ചെങ്കിലും ബോബി പുറത്തിറങ്ങിയിരുന്നില്ല. പിന്നാലെ ഇതിനെ ചോദ്യം ചെയ്ത കോടതി സംഭവത്തിൽ വിശദീകരണം നൽകാനും പ്രതിഭാഗം അഭിഭാഷകരോട് ഹാജരാവാനും ആവശ്യപ്പെട്ടിരുന്നു. കേസ് ഹൈക്കോടതി ഉടൻ പരിഗണിക്കും. ജാമ്യം നടപ്പാക്കേണ്ടതില്ലെന്ന് ബോബി ചെമ്മണൂർ തന്‍റെ അഭിഭാഷകരോട് അറിയിക്കുകയായിരുന്നു. റിമാൻഡ് കാലാവധി കഴിഞ്ഞിട്ടും സാങ്കേതിക പ്രശ്നങ്ങളിൽ കുരുങ്ങി പുറത്തിറങ്ങാൻ പറ്റാത്ത തടവുകാർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ടാണ് താൻ ജയിലിൽ തുടരുന്നതെന്നാണ് അദ്ദേഹം അറിയിച്ചത്.
അഭിഭാഷകർ ഇല്ലാതെയും, ബോണ്ട് തുക കെട്ടിവയ്ക്കാൻ കഴിയാതെ നിരവധി തടവുകാർ ജയിലിൽ ഉണ്ടെന്നും അതിനാൽ തന്‍റെ ജാമ്യം ചൊവ്വാഴ്ച നടപ്പാക്കേണ്ടെന്ന് ബോബി ചെമ്മണൂർ അഭിഭാഷകരെ അറിയിക്കുകയായിരുന്നു. ഇതോടെ, ബോബി ചെമ്മണൂരിനെതിരേ രൂക്ഷ വിമർശനമാണ് കോടതി ഉന്നയിച്ചത്. സമാന കേസുകളിൽ ഉൾപ്പെടരുത്, അന്വേഷണത്തോട് പൂർണമായും സഹകരിക്കണം, അന്വേഷണ ഉദ്യോഗസ്ഥൻ ആവശ്യപ്പെടുമ്പോഴൊക്കെ ഹാജരാകണം എന്നാണ് കോടതി ആവശ്യപ്പെട്ടത്.