നീണ്ട ഇടവേളയ്ക്ക് ശേഷം നടൻ ബോബി ഡിയോൾ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹിന്ദി ചിത്രമാണ് ‘ക്ലാസ് ഓഫ് 83'. കഴിഞ്ഞ ദിവസം (ഓഗസ്റ്റ് 21) നെറ്റ്ഫ്ലിക്സിൽ സ്ട്രീമിങ് ആരംഭിച്ച ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. പ്രത്യേകിച്ച് ബോബി ഡിയോൾ ഗംഭീര തിരിച്ചുവരവാണ് ചിത്രത്തിൽ നടത്തിയിരിക്കുന്നത്.
1980 കളിൽ ബോംബെയിൽ നടക്കുന്ന പോലീസ് കഥയാണ് 'ക്ലാസ് ഓഫ് 83'. എൻകൗണ്ടർ സ്പെഷ്യലിസ്റ്റായ വിജയ് സിംഗ് എന്ന ബോബി ഡിയോൾ കഥാപാത്രത്തെ തരംതാഴ്ത്തി പോലീസ് ട്രെയിനിങ് അക്കാദമിയിൽ ഇൻസ്ട്രക്ടറായി നിയമിക്കുന്നു. അവിടെയുണ്ടായിരുന്ന 5 മോശം കേഡറ്റുകളെ പുതിയ പ്രതീക്ഷകൾ നൽകി തിരിച്ചു കൊണ്ടു വരുകയും അതിലൂടെ തൻറെ നടക്കാതെ പോയ ദൗത്യം നിറവേറ്റാൻ അവരെ ഏൽപ്പിക്കുകയും ചെയ്യുന്നു.
ഭാര്യയുടെ മരണവും മറ്റ് പ്രശ്നങ്ങളും കാരണം പോലീസ് അക്കാദമിയിലേക്ക് മാറ്റപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനായാണ് ബോബി ഡിയോളിനെ ചിത്രത്തിൽ കാണാനാകുക. സ്ഥിരം കാണുന്ന പോലീസ് സിനിമകളിൽ നിന്നും വ്യത്യസ്തമായ ഒരു അനുഭവമായിരിക്കും ആസ്വാദകന് ഈ ചിത്രത്തിലൂടെ ലഭിക്കുക. ഷാരൂഖ് ഖാന്റെ റെഡ് ചില്ലീസ് എന്റർടൈൻമെന്റ് ചിത്രം നിർമ്മിക്കുന്നത്.