അമരന്‍ സിനിമ ബോക്‌സോഫീസില്‍ 300 കോടി നേടിയതിന്റെയും റൗഡി ബേബി ഗാനം ഒരു ബില്യണ്‍ വ്യൂസ് നേടിയതിന്റെയും പോസ്റ്ററുകള്‍ പങ്കുവെച്ച് വിമര്‍ശനവുമായി തെന്നിന്ത്യന്‍ ഗായിക ചിന്മയി ശ്രീപദ. സിനിമയോ ഗാനമോ ഹിറ്റ് ആകുമ്പോള്‍ അതിന്റെ സക്‌സസ് പോസ്റ്ററുകളില്‍ കലാകാരികള്‍ക്ക് ഇടം കിട്ടാറില്ലെന്ന് എക്‌സില്‍ പങ്കുവെച്ച കുറിപ്പില്‍ അവര്‍ പറഞ്ഞു.
റൗഡി ബേബി ഗാനത്തില്‍ ധനുഷിനൊപ്പം ചുവട് വെച്ച സായ് പല്ലവി തന്നെയാണ് അമരനിലും നായികയായി എത്തിയത്. എന്നാല്‍ രണ്ടിന്റെയും സക്‌സസ് പോസ്റ്ററുകളില്‍ സായ് പല്ലവിയുടെ ചിത്രമില്ല. അമരന്റേതില്‍ ശിവകാര്‍ത്തികേയന്റെ ചിത്രവും റൗഡി ബേബിയില്‍ ധനുഷിന്റെയും ചിത്രം മാത്രമാണുള്ളത്. ഇതിനെതിരെയാണ് വിമര്‍ശനവുമായി ചിന്മയി രംഗത്തെത്തിയത്.
അതേസമയം നിരവധി പേരാണ് ട്വീറ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തി. റൗഡി ബേബി ഗാനത്തിന്റേതായി ചിന്മയി പങ്കുവെച്ച പോസ്റ്റര്‍ ആരാധകര്‍ ആരോ നിര്‍മിച്ചതാണെന്നാണ് ഒരു കൂട്ടരുടെ വാദം. അമരന്‍ വിജയിക്കുന്നതില്‍ ശിവകാത്തികേയന്റെ സാന്നിധ്യമാണ് നിര്‍ണായകമായെതെന്നും ചിലര്‍ പറയുന്നു.