ധുരന്ധറിന്റെ ലാഭവിഹിതം വേണം; പങ്ക് ചോദിച്ച് പാക് യുവാക്കള്‍, വീഡിയോ
ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽമീഡിയകളിൽ വൈറലാവുന്നുണ്ട്
Publish Date: Mon, 30 Mar 2026 (08:27 IST)
Updated Date: Mon, 30 Mar 2026 (08:41 IST)
ബോളിവുഡ് താരം രണ്‍വീര്‍ സിംഗിനെ നായകനാക്കി ആദിത്യ ധര്‍ സംവിധാനം ചെയ്ത 'ധുരന്ധര്‍ 2' ഏഴ് ദിവസംകൊണ്ട് ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടി രൂപ സ്വന്തമാക്കിയിരുന്നു. 1000- കോടി നേടിയതിനു പിന്നാലെ പാക്കിസ്താനിലെ ല്യാരി നിവാസികൾ കളക്ഷന്റെ ഒരു പങ്ക് ആവശ്യപ്പെട്ടതായി റിപ്പോർട്ട്. ചിത്രത്തിന് ലഭിച്ച വരുമാനത്തിന്റെ ഒരു പ്രധാന ഭാഗം തങ്ങളുടെ നഗരത്തിന്റെ വികസനത്തിനായി നൽകണമെന്നാണ് ഇവരുടെ ആവശ്യം. ഇതുമായി ബന്ധപ്പെട്ട വീഡിയോകൾ സോഷ്യൽമീഡിയകളിൽ വൈറലാവുന്നുണ്ട്.
ല്യാരിയുടെ പേരും പശ്ചാത്തലവും സിനിമയിൽ ഉപയോഗിച്ചിരിക്കുന്നതിനാൽ അവിടെത്തെ സമൂഹത്തിന് സാമ്പത്തികമായി പ്രയോജനം ലഭിക്കണമെന്നും അത് അവരുടെ വികസനപ്രവർത്തനങ്ങൾക്കായി നീക്കിവെക്കണമെന്നും പ്രചരിക്കുന്ന വീഡിയോകളിൽ നാട്ടുകാർ പറയുന്നു. പ്രദേശത്തെ മോശം അടിസ്ഥാന സൗകര്യങ്ങളും തകർന്ന റോഡുകളുമൊക്കെ ചൂണ്ടിക്കാട്ടിയായിരുന്നു പ്രദേശവാസികളുടെ പ്രതികരണം.
പാക്കിസ്താനിലെ കറാച്ചിയിലെ ചെറുപട്ടണമാണ് ല്യാരി. ധുരന്ധറിലൂടെ ഈ പ്രദേശം ഇപ്പോള്‍ വാര്‍ത്തകളില്‍ ഇടം നേടിയിയിരിക്കുകയാണ്.
ഇന്ത്യയില്‍ മാത്രമല്ല, ഇപ്പോൾ പാക്കിസ്താനിലും ഏറ്റവും കൂടുതല്‍ ചര്‍ച്ച ചെയ്യപ്പെടുന്നത് ദുരന്ധർ എന്ന സിനിമയും സിനിമയിലെ ഗുണ്ടാത്തലവനായ റഹ്‌മാന്‍ ദകൈത്തുമാണ്.
'ഉറി: ദ സര്‍ജിക്കല്‍ സ്‌ട്രൈക്കി'ന് ശേഷം ആദിത്യ ധര്‍ സംവിധാനം ചെയ്ത ചിത്രമാണ് ധുരന്ധര്‍ ഒന്നും രണ്ടും ഭാഗങ്ങള്‍. മാര്‍ച്ച് 19ന് തിയേറ്ററുകളിലെത്തിയ സിനിമയില്‍ രണ്‍വീറിനൊപ്പം ആര്‍ മാധവന്‍, അര്‍ജുന്‍ രാംപാല്‍, സഞ്ജയ് ദത്ത്, സാറ അര്‍ജുന്‍ തുടങ്ങിയ താരങ്ങളാണ് പ്രധാനവേഷങ്ങളിലെത്തിയത്. സിനിമയുടെ ആദ്യ ഭാഗം 1300 കോടി രൂപയായിരുന്നു ബോക്‌സോഫീസില്‍ നിന്നും നേടിയത്.