Fahad Fazil- Dhyan sreenivaasan
മലയാളത്തിലെ രസകരമായ ക്ലാഷായിരുന്നു കഴിഞ്ഞ വിഷുക്കാലത്ത് ഉണ്ടായ ആവേശം- വര്‍ഷങ്ങള്‍ക്ക് ശേഷം എന്നീ സിനിമകളുടെ ക്ലാഷ്. ആവേശത്തിനൊപ്പം വര്‍ഷങ്ങള്‍ക്ക് ശേഷവും ശ്രദ്ധിക്കപ്പെട്ടെങ്കിലും വമ്പന്‍ ഹിറ്റിലേക്ക് പോയത് ഫഹദ് ഫാസില്‍ നായകനായെത്തിയ ആവേശമായിരുന്നു. 2 സിനിമയുടെയും റിലീസ് ദിവസത്തിന്റെ അന്ന് പ്രേക്ഷകപ്രതികരണങ്ങളെ പറ്റി ചോദിച്ചപ്പോള്‍ വിന്നര്‍ വര്‍ഷങ്ങള്‍ക്ക് ശേഷമാണെന്നും ആവേശത്തിലെ സെക്കന്‍ഡ് ഹാഫില്‍ ലാഗുണ്ടെന്നും ധ്യാന്‍ ശ്രീനിവാസന്‍ പറഞ്ഞത് വലിയ ചര്‍ച്ചയായി മാറിയിരുന്നു. ഇപ്പോഴിതാ അതിനെ പറ്റി തുറന്ന് സംസാരിച്ചിരിക്കുകയാണ് ധ്യാന്‍.
സിനിമ അഭിനേതാക്കളുടെ സംഘടനയായ അമ്മയുടെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച അഭിമുഖത്തിലാണ് ധ്യാന്‍ തുറന്ന് പറയുന്നത്. ഫഹദ് ഫാസില്‍, ബാബുരാജ് എന്നിവരാണ് അഭിമുഖത്തില്‍ ധ്യാനിനൊപ്പമുള്ളത്. വര്‍ഷങ്ങള്‍ക്ക് ശേഷവും ആവേശവും ഉണ്ണി മുകുന്ദന്‍ സിനിമയായ ജയ് ഗണേഷുമായിരുന്നു റിലീസ് ചിത്രങ്ങള്‍. ഫഹദ് പ്രമോഷനായി വിളിച്ചിരുന്നു. ഉണ്ണിയേയും വിളിക്കാമെന്ന് പറഞ്ഞു. എന്നാല്‍ ഉണ്ണി മുകുന്ദന്‍ ഗുജറാത്തില്‍ ആയതിനാല്‍ അത് നടന്നില്ല. വര്‍ഷങ്ങള്‍ക്ക് ശേഷത്തിന്റെ പ്രമോഷനാണെങ്കില്‍ പ്രണവ് വരില്ല. നിവിനില്ല, കല്യാണി വരില്ല. ആരുമില്ല ഞാന്‍ ഒറ്റയ്ക്ക് .
ആവേശമാണെങ്കില്‍ ഇലുമിനാറ്റിയും ഗലാട്ടയുമൊക്കെ ഇറക്കി കത്തി നില്‍ക്കുകയാണ്. ചേട്ടനാണെങ്കില്‍ പല സ്ഥലത്തും എന്തൊക്കെയെ പറയുന്നു.ഒന്നും അങ്ങ് ഏല്‍ക്കുന്നില്ല. ചെന്നൈ, നന്മ ഇതല്ലാതെ ഒന്നും പറയാനില്ല. വീണ്ടും അത് തന്നെ പറഞ്ഞ് വന്നാല്‍ ആള്‍ക്കാര്‍ കൊല്ലും എന്നുറപ്പാണ്. ബേസിലിന് അന്ന് വയ്യ. എന്നിട്ടും അവനെ ഇറക്കി. നീയൊരു 2 പരിപാടിക്ക് ഇരുന്ന് തന്നാല്‍ മതിയെന്നാണ് പറഞ്ഞത്. അങ്ങനെ ബേസില്‍ വന്നു. പത്തോളം ഇന്റര്‍വ്യൂ കൊടുത്തുകഴിഞ്ഞപ്പോള്‍ ഇതൊന്ന് പൊന്തി. എന്നാല്‍ അതൊരു ബാധ്യതയായി.
കാരണം ആളുകള്‍ വിചാരിച്ചത് ഇന്റര്‍വ്യൂവിലെ ഈ കളിയും തമാശയുമെല്ലാം സിനിമയിലും ഉണ്ടാകുമെന്നാണ്. ആദ്യ ദിവസം തന്നെ ആവേശം ഹിറ്റടിച്ചു. നമ്മുടെ പടം കയറ്റി വിടാന്‍ ആരുമില്ല. തട്ടത്തില്‍ മറയത്തും ഉസ്താദ് ഹോട്ടലും ഒപ്പം റിലീസ് ചെയ്തപ്പോള്‍ ഉസ്താദ് ഹോട്ടലിനേക്കാള്‍ ഒരുപടി മുകളിലായിരുന്നു തട്ടത്തിന്‍ മറയത്ത്. ചരിത്രം ആവര്‍ത്തിക്കട്ടെ എന്നൊരു സാധനം ഞാനടിച്ചു. ആവേശം സെക്കന്‍ഡ് ഹാഫില്‍ ലാഗാണെന്ന് കേട്ടല്ലോ എന്നൊരു സാധനവും കൂട്ടത്തില്‍ അടിച്ചു. ഏടന്‍ എന്നോട് വന്നു ചോദിച്ചു. നീ എന്താ അങ്ങനെ പറഞ്ഞതെന്ന്. ഞാന്‍ പറഞ്ഞു എന്തെങ്കിലും പറയണ്ടെ, പിന്നെ ഞാന്‍ പറഞ്ഞത് കൊണ്ട് ഒരുത്തനും കാര്യമായി എടുക്കില്ല എന്നാണ്. അതിന്റെ തെറി എനിക്ക് വേറെ കിട്ടി. ധ്യാന്‍ പറഞ്ഞു.