നടിയെ ആക്രമിച്ച കേസില്‍ കുറ്റാരോപിതനായ ദിലീപ് താരസംഘടനായ ‘അമ്മ’യില്‍ അംഗമാണോ അല്ലയോ എന്ന് അമ്മ നേതൃത്വം വ്യക്തമാക്കണമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന കൺവീനർ സലിം പി ചാക്കോ. സിനിമ മേഖലയിൽ ഉണ്ടായിട്ടുള്ള വിഷയങ്ങൾ ചർച്ച ചെയ്ത് പരിഹാരം കാണാൻ സംസ്ഥാന സർക്കാർ മുൻകൈ പ്രവർത്തനം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിനിമ മേഖലയിലെ ചില ദുഷിപ്പിക്കുന്ന പ്രവർത്തനങ്ങൾ അവസാനിപ്പിക്കേണ്ട സമയം ആയിരിക്കുന്നു. നടികൾക്ക് സുരക്ഷിതമായി ജോലിയെടുക്കാനുള്ള സാഹചര്യം ഒരുക്കണം. ഒരു വിഭാഗം നടൻമാരും, നടികളും സമൂഹമധ്യേ നടത്തുന്ന പ്രസ്താവനകൾ സിനിമയ്ക്ക് ഗുണം ചെയ്യില്ല. ഇക്കാര്യത്തിൽ പക്വമായ നിലപാടാണ് സിനിയർ താരങ്ങൾ സ്വീകരിക്കേണ്ടത്.
ഇപ്പോഴത്തെ നില തുടർന്നാൽ തിയേറ്റുകളിലേക്ക് പ്രേക്ഷകർ എത്താത്ത സ്ഥിതിയുണ്ടാകും. കോടതിയുടെ മുന്നിലുള്ള കേസിൽ കോടതിയുടെ തീർപ്പ് ആണ് വരേണ്ടത്. വാൾ എടുക്കുന്നവർ എല്ലാം വെളിച്ചപ്പാട് ആകുന്ന സ്ഥിതിക്ക് മാറ്റം ഉണ്ടാവണം.
രണ്ടു കൂട്ടരും നടത്തുന്ന പ്രസ്താവനകൾ സിനിമ മേഖലയിൽ പ്രതിസന്ധി സൃഷ്ടിച്ചിരിക്കുകയാണ്. ഇക്കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ അടിയന്തര ഇടപെടൽ അനിവാര്യമായ സാഹചര്യമാണ് നിലവിൽ ഉള്ളതെന്നും സലിം പി ചാക്കോ പറഞ്ഞു.