കാര്യമായ ഹൈപ്പും പ്രമോഷനുമില്ലാതെ ഓണം റിലീസായെത്തി സര്‍പ്രൈസ് ഹിറ്റടിച്ചിരിക്കുകയാണ് കല്യാണി പ്രിയദര്‍ശന്‍, നസ്ലെന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായെത്തിയ ലോക: ചാപ്റ്റര്‍ 1 ചന്ദ്ര എന്ന സിനിമ. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലുമെല്ലാം മികച്ച സ്വീകരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. തരംഗം എന്ന മലയാള സിനിമയ്ക്ക് ശേഷം ഡൊമിനിക് അരുണ്‍ ഒരുക്കിയ രണ്ടാമത്തെ ചിത്രമായിരുന്നു ലോക. ഇപ്പോഴിതാ ആദ്യ സിനിമയുടെ പരാജയം തന്നെ ഏറെ ബാധിച്ചിരുന്നതായി പറയുകയാണ് ഡൊമിനിക് അരുണ്‍.
ടൊവിനോ തോമസ്, ശാന്തി ബാലചന്ദ്രന്‍ എന്നിവരായിരുന്നു തരംഗത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തിയത്. ബോക്‌സോഫീസില്‍ വലിയ വിജയമാവാന്‍ സാധിച്ചില്ലെങ്കിലും നിരൂപക പ്രശംസ ഏറ്റുവാങ്ങാന്‍ സിനിമയ്ക്കായിരുന്നു. ധനുഷിന്റെ വണ്ടര്‍ ബാര്‍ ഫിലിംസ് ആയിരുന്നു തരംഗം നിര്‍മിച്ചത്. 2017ല്‍ പുറത്തിറങ്ങിയ സിനിമയ്ക്ക് ശേഷം 7 വര്‍ഷം കഴിഞ്ഞാണ് ലോകയുമായി ഡൊമിനിക് അരുണ്‍ മടങ്ങിയെത്തിയത്.
തരംഗം പരാജയപ്പെട്ടപ്പോള്‍ അതെന്നെ ഏറെ ബാധിച്ചിരുന്നു.ഇത് ഇങ്ങനയല്ലെ പരിപാടി, നമ്മള്‍ വിചാരിക്കുന്നത് പോലെ നടക്കില്ലെ എന്നൊരു ചിന്തയുണ്ടായിരുന്നു. അങ്ങനെയുള്ള സെല്‍ഫ് ഡൗട്ടൊക്കെ തോന്നിയിരുന്നു. പിന്നെ അടുത്തൊരു ഐഡിയ കിട്ടുമ്പോള്‍ നമ്മളെല്ലാം മറക്കും. ഓക്കെയാകും. തരംഗം കഴിഞ്ഞ് വെറുതെയിരിക്കുകയായിരുന്നില്ല. എഴുത്തും പരിപാടിയും ഉണ്ടായിരുന്നു. ഒരു സിനിമ ഏകദേശം ചെയ്യാനിരുന്നപ്പോഴാണ് കൊവിഡ് വന്നത്. അങ്ങനൊരു സിനിമ കൊവിഡ് സമയത്ത് ചെയ്യാനാവില്ലായിരുന്നു.ആ സിനിമ പല കാരണങ്ങള്‍ കൊണ്ട് നടക്കാതെ പോയി. അപ്പോഴും ചിന്തിച്ചത് നമുക്ക് ഇഷ്ടമുള്ള ഒരു സംഭവം ചെയ്താല്‍ മതി, വെറുതെ ഒരു സിനിമ ചെയ്യേണ്ടതില്ല എന്നാണ്. ദ ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഡൊമിനിക് അരുണ്‍ പറഞ്ഞു.