ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലെ ക്ഷതം, ആന്തരികാവയവങ്ങളില്‍ നിന്ന് രക്തസ്രാവം; യുവ സംവിധായകയുടെ മരണത്തില്‍ ദുരൂഹത, പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത്
അസ്വാഭാവിക മരണത്തിനു മ്യൂസിയം പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല
യുവസംവിധായിക നയന സൂര്യയെ (28) താമസസ്ഥലത്തു മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സൂചന. അന്തരിച്ച സംവിധായകന്‍ ലെനിന്‍ രാജേന്ദ്രന്റെ സഹായിയായിരുന്ന നയന സൂര്യയെ 2019 ഫെബ്രുവരി 24 നാണ് തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ തിരുവനന്തപുരം ആല്‍ത്തറ നഗറിലെ വാടകവീട്ടില്‍ അന്വേഷിച്ചെത്തിയപ്പോള്‍ കുളിമുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
അസ്വാഭാവിക മരണത്തിനു മ്യൂസിയം പൊലീസ് കേസെടുത്തെങ്കിലും അന്വേഷണം എങ്ങുമെത്തിയില്ല. പ്രമേഹരോഗിയായ നയന ഷുഗര്‍ താഴ്ന്ന് കുളിമുറിയില്‍ കുഴഞ്ഞുവീഴുകയും പരസഹായം കിട്ടാതെ മരിക്കുകയുമായിരുന്നുവെന്നാണ് പൊലീസ് പറഞ്ഞത്.
മൂന്ന് വര്‍ഷം കഴിഞ്ഞിട്ടും കേസ് അന്വേഷണത്തില്‍ വ്യക്തത വരാത്തതുകൊണ്ട് സുഹൃത്തുക്കള്‍ നയനയുടെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് കണ്ടെത്തുകയും അതിന്റെ വിശദാംശങ്ങള്‍ പുറത്തുവിടുകയുമായിരുന്നു. കൊലപാതകമെന്ന് സൂചിപ്പിക്കുന്നതാണ് പോസ്റ്റ്മോര്‍ട്ടത്തിലെ വിവരങ്ങള്‍.
കഴുത്ത് ശക്തമായി ഞെരിഞ്ഞാണ് മരണം സംഭവിച്ചതെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു. കഴുത്തിനുചുറ്റും ഉരഞ്ഞുണ്ടായ ഒട്ടേറെ മുറിവുകളുണ്ട്. 31.5 സെന്റിമീറ്റര്‍ വരെ നീളമുള്ള മുറിവുണ്ട്. ഇടത് അടിവയറ്റില്‍ ചവിട്ടേറ്റതുപോലെ ക്ഷതം കണ്ടെത്തി. ഇതിന്റെ ആഘാതത്തില്‍ ആന്തരികാവയവങ്ങളില്‍ രക്തസ്രാവമുണ്ടായി. ക്ഷതമേറ്റാണ് പാന്‍ക്രിയാസ്, വൃക്ക എന്നീ അവയവങ്ങളില്‍ രക്തസ്രാവമുണ്ടായത്. പ്ലീഹ ചുരുങ്ങുകയും പൊട്ടുകയും ചെയ്തിട്ടുണ്ടെന്നും പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നു.