'പുഴു' കാലിക പ്രസക്തിയുള്ള സിനിമയെന്ന് നടനും നിര്‍മാതാവുമായ ദുല്‍ഖര്‍ സല്‍മാന്‍. നവാഗതയായ രതീന പി.ടി.സംവിധാനം ചെയ്ത പുഴുവിന്റെ വിതരണാവകാശം സ്വന്തമാക്കിയിരിക്കുന്നത് ദുല്‍ഖറിന്റെ വേഫറര്‍ ഫിലിം കമ്പനിയാണ്. പുഴു ഏറ്റെടുക്കാനുള്ള കാരണത്തെ കുറിച്ച് സോണി ലിവിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ദുല്‍ഖര്‍.
സമൂഹം ചര്‍ച്ച ചെയ്യേണ്ട വിഷയമാണ് പുഴുവിലേതെന്ന് ദുല്‍ഖര്‍ പറഞ്ഞു. വാപ്പച്ചിയുടെ മികച്ചൊരു പെര്‍ഫോമന്‍സ് കാണാന്‍ താനും കാത്തിരിക്കുകയാണെന്നും ദുല്‍ഖര്‍ കൂട്ടിച്ചേര്‍ത്തു.
'വാപ്പച്ചിക്ക് ഈ കഥ ഇഷ്ടപ്പെട്ടു. വാപ്പച്ചി കഥ അപ്രൂവ് ചെയ്തതിനു ശേഷമാണ് ഞങ്ങള്‍ സിനിമയുടെ കഥ കേള്‍ക്കുന്നത്. പ്രമേയം കേട്ടപ്പോള്‍ അത് പറയേണ്ട ഒരു കഥയായി എനിക്ക് തോന്നി. വളരെ കാലിക പ്രസക്തിയുള്ളതാണ്. ഇന്ന് നമ്മുടെ നാട്ടില്‍ ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയം തന്നെയാണ്. തീര്‍ച്ചയായും ഒരു മെഗാസ്റ്റാര്‍ ആരാധകന് വളരെ പുതിയ ഒരു ക്യാരക്ടര്‍ കാണാന്‍ സാധിക്കും, വളരെ വ്യത്യസ്തമായ പ്രകടനം കാണാന്‍ കഴിയും. വളരെ നല്ല കാസ്റ്റാണ് സിനിമ. ഞാന്‍ ഈ സിനിമ കാണാന്‍ കാത്തിരിക്കാനുള്ള കാരണം പ്രേക്ഷകരുടെ പ്രതികരണം അറിയാനാണ്, എന്തൊക്കെ ചര്‍ച്ചകള്‍ വരുമെന്ന് അറിയാനും,' ദുല്‍ഖര്‍ പറഞ്ഞു.