Elizabath Udayan: 'ഞാൻ മരിച്ചാൽ എങ്കിലും സിസ്റ്റം മാറുമോ എന്ന് നോക്കാം, മരണത്തിന്റെ പൂർണ ഉത്തരവാദിത്വം അയാൾക്ക്': എലിസബത്ത്
മൂക്കിൽ ട്യൂബ് ഘടിപ്പിച്ച നിലയിലാണ് എലിസബത്തിനെ വിഡിയോയിൽ കാണുന്നത്.
ആശുപത്രിയിൽ നിന്നുള്ള വീഡിയോ പങ്കുവെച്ച് നടൻ ബാലയുടെ മുൻ പങ്കാളി ഡോ. എലിസബത്ത് ഉദയൻ. താൻ മരിച്ചാൽ അതിന് ഉത്തരവാദികൾ മുൻ ഭർത്താവും അയാളുടെ കുടുംബവുമായിരിക്കുമെന്ന് എലിസബത്ത് ഫെയ്സ്ബുക്കിൽ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. മൂക്കിൽ ട്യൂബ് ഘടിപ്പിച്ച നിലയിലാണ് എലിസബത്തിനെ വീഡിയോയിൽ കാണുന്നത്.
താൻ മരിച്ചു കഴിഞ്ഞാലും നീതി ലഭിക്കില്ലെന്നും ഇങ്ങനെ ഒരു വീഡിയോ പങ്കുവെച്ചാൽ ഇനി എന്താണ് സംഭവിക്കുക എന്ന് അറിയില്ലെന്നും വീഡിയോയിൽ എലിസബത്ത് പറയുന്നു. മുഖ്യമന്ത്രിയുടെ അടുത്ത് അവരെ പരാതി നൽകിയിട്ടും ഫലമൊന്നും ഉണ്ടായില്ലെന്ന് എലിസബത്ത് പറയുന്നു.
'സ്ത്രീകൾ പരാതി നൽകിയാൽ നീതി ലഭിക്കും എന്ന് കേട്ടിട്ടുണ്ടെങ്കിലും എന്റെ കാര്യത്തിൽ അത് നടന്നിട്ടില്ല. സോഷ്യൽ മീഡിയയിലൂടെ എല്ലാം പറയുകയും മുഖ്യമന്ത്രിയുടെ അടുത്തുവരെ പരാതി കൊടുക്കുകയും ചെയ്തു. കാശുള്ളവനും വലിയ നിലയിലുള്ള ആളുകൾക്കുമാണ് നീതി ലഭിക്കുകയുള്ളൂ എന്ന് മനസിലായി.
എനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കിൽ അതിന്റെ പൂർണ ഉത്തരവാദിത്വം ആ വ്യക്തിക്കാണ്. വിവാഹം നടന്നിട്ടില്ലെന്നാണ് അയാൾ പറയുന്നത്. പിന്നെ എന്തിനാണ് ഭാര്യയെന്ന് പറഞ്ഞ് അഭിമുഖങ്ങളിലും സ്റ്റേജ് ഷോകളിലും പങ്കെടുപ്പിച്ചതെന്ന് അറിയില്ല. എനിക്ക് പല കാര്യങ്ങളും സഹിക്കാൻ പറ്റുന്നുണ്ടായില്ല. തുടരെ പല ഭീഷണി വീഡിയോകളും കൗണ്ടർ കേസുകളും. കല്യാണം നടന്നിട്ടില്ലെന്നാണ് പറയുന്നത്. ഫങ്ഷനൊന്നും നടന്നിട്ടില്ല. എല്ലാം ഇമാജിനേഷൻ എന്നാണ് അവർ പറഞ്ഞത്. പിന്നെ എന്തിനാണ് ആൾക്കാരുടെ മുന്നിൽ വച്ച് ഭാര്യയാണെന്നും അഭിമുഖങ്ങളും സ്റ്റേജ് ഷോകളുമൊക്കെ നടത്തിയതെന്ന് എനിക്കറിയില്ല.
മുഖ്യമന്ത്രിക്കും കോടതിയിലും പരാതി നൽകി. എന്നിട്ടും എന്റെ നീതിയ്ക്ക് കാലതാമസം വരികയാണ്. അതെന്ത് കൊണ്ടാണെന്ന് എനിക്കറിയില്ല. ഒരു തവണ വീട്ടിൽ വന്നു അന്വേഷിച്ചിരുന്നു. ഇപ്പോൾ അതിന്റെ അവസ്ഥ അറിയില്ല. കോടതിയിൽ കേസ് നടക്കുന്നുണ്ട്. കുറേ തവണ പ്രതിയും വക്കീലും കോടതിയിൽ വന്നില്ല. ഒടുവിലത്തെ തവണ വക്കീൽ കോടതിയിൽ വന്നപ്പോൾ അയാൾ പണമില്ലാത്ത ആളാണെന്നാണ് കൗണ്ടർ പെറ്റീഷൻ കൊടുത്തിരിക്കുന്നത്. 250 കോടിയുണ്ടെന്ന് പറയുന്ന ആളാണ്.
ഞാൻ ഇപ്പോൾ ആശുപത്രിയിലാണ് കിടക്കുന്നത്. സംശയമുണ്ടെങ്കിൽ എല്ലാം പരശോധിച്ച് നോക്കാം. ഞാൻ മരിക്കുകയാണെങ്കിൽ അതിന് ഇയാൾ മാത്രമാണ് കാരണം. എന്നെ ചീറ്റ് ചെയ്തു. ശാരീരികമായി ഉപദ്രവിച്ചു. മീഡിയയിലൂടെ അപകീർത്തിപ്പെടുത്തി. അയാൾ മാത്രമല്ല അയാളുടെ കുടുംബം മുഴുവൻ. സ്ത്രീകൾക്കാണ് നീതി കിട്ടുകയെന്ന് എപ്പോഴും പറയും. പക്ഷേ കാശുണ്ടോ, ആരാണ് വലുത് എന്നൊക്കെ നോക്കിയാണ് നീതി കിട്ടുന്നതെന്നാണ് എനിക്ക് തോന്നുന്നത്.
ഈ വീഡിയോ പുറത്തുവരുമ്പോൾ എന്താകുമെന്ന് എനിക്ക് അറിയില്ല. ഞാൻ ജീവിച്ചിരിക്കുമോയെന്നും അറിയില്ല. പറയാണ്ട് ചത്തുകഴിഞ്ഞാൽ കാര്യമില്ലല്ലോ. ആ കല്യാണം, കല്യാണക്കുറി, ഭാര്യയെന്ന് പറഞ്ഞ് കൊണ്ട് നടന്നതും നിങ്ങളേയും കൂടി പറ്റിക്കുന്നതായിരുന്നില്ലേ. പലകാര്യങ്ങളും തെളിവുകൾ സഹിതം പറഞ്ഞു. എന്നിട്ടും ഒരാൾ പോലും കേസ് എടുത്തില്ല.
രണ്ടുപേർക്കും ഓർഡർ വന്നിട്ടുണ്ട്. ഇരുവരുടേയും കാര്യത്തിൽ ഇടപെടാൻ പാടില്ല, വീഡിയോ ഇടാൻ പാടില്ല എന്നൊക്കെ പറഞ്ഞ്. എന്നിട്ടും അയാൾ പങ്കുവെച്ച അവസാന വീഡിയോ എന്നെ ഭീഷണിപ്പെടുത്തുന്നതായിരുന്നു. പല പേരുകൾ പറഞ്ഞ് പോസ്റ്റ് ചെയ്യും. എന്നിട്ട് അത് ഡോക്ടറെ ഉദ്ദേശിച്ചല്ല എന്ന് പോലീസിനോട് പറയും. അവര് കേസും എടുക്കില്ല.
നീതിക്കുവേണ്ടി പോരാടി എനിക്ക് മതിയായി. കേസ് കൊടുത്തത് അബദ്ധമായിപ്പോയെന്ന് ഇപ്പോൾ തോന്നുന്നു. മാസത്തിൽ രണ്ട് തവണ വക്കീലിന് പണം കൊടുത്ത് കേസിന് ഹാജരായി എനിക്ക് മതിയായി. ഇത്രയൊക്കെ ഒരു പെണ്ണ് കരഞ്ഞു പറഞ്ഞിട്ടും നിങ്ങൾക്കൊന്നും കേൾക്കാൻ പറ്റുന്നില്ലെങ്കിൽ ഞാൻ മരിച്ചാലെങ്കിലും ഇവിടുത്തെ സിസ്റ്റം മാറുമോ എന്ന് നോക്കാം.' -എലിസബത്ത് വീഡിയോയിൽ പറയുന്നു.