മുംബൈ: ബോളിവുഡിന്റെ 'മിസ്റ്റര്‍ പര്‍ഫെക്ഷനിസ്റ്റ്' എന്നാണ് സൂപ്പര്‍ താരമായ ആമിര്‍ ഖാന്‍ അറിയപ്പെടുന്നത്. ബോളിവുഡില്‍ മികച്ച സിനിമകളിലൂടെ പ്രേക്ഷകപ്രീതി നേടിയ ആമിര്‍ ഖാന്‍ കഥാപാത്രങ്ങളുടെ പൂര്‍ണ്ണതയ്ക്കായി ഏതറ്റം വരെയ്ക്കും പോകാറുണ്ട്. അതേസമയം സമീപകാലത്തായി റീമെയ്ക്കുകള്‍ ബോളിവുഡില്‍ ചെയ്യുന്നതിന് വലിയ വിമര്‍ശനവും ആമിര്‍ ഖാന്‍ നേരിടുന്നുണ്ട്. തഗ്‌സ് ഓഫ് ഹിന്ദുസ്ഥാനിലെ പല രംഗങ്ങളും അവസാനമായി ആമിര്‍ ഖാന്‍ ചെയ്ത ലാല്‍ സിംഗ് ഛദ്ദയും ഇത്തരത്തില്‍ ഏറെ വിമര്‍ശിക്കപ്പെട്ടിരുന്നു.
ഇപ്പോഴിതാ ഒരു വലിയ ഇടവേളയ്ക്ക് ശേഷം വീണ്ടും സിനിമയില്‍ സജീവമാവുകയാണ് ആമിര്‍ഖാന്‍. പുതിയ സിനിമയായ 'സിതാരെ സമീന്‍ പാര്‍' ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടത്. 2007-ലെ ഹിറ്റ് സിനിമ 'താരെ സമീന്‍ പാര്‍'-ന്റെ സീക്വലായി പ്രഖ്യാപിച്ച ഈ ചിത്രത്തില്‍ ആമിര്‍ ഖാനും ജെനേലിയ ദേശ്മുഖും ഒപ്പം 10 പുതുമുഖ നടന്മാരുമാണ് അഭിനയിക്കുന്നത്. എന്നാല്‍ സിനിമ പുറത്തിറങ്ങിയത് മുതല്‍ വലിയ വിമര്‍ശനമാണ് ട്രെയ്ലറിന് ലഭിക്കുന്നത്. ചിത്രത്തിന്റെ ട്രെയ്ലര്‍ 2018ല്‍ പുറത്തിറങ്ങിയ സ്പാനിഷ് സിനിമയായ ചാമ്പ്യന്‍സിന്റെ സീന്‍ ബൈ സീന്‍ ആണെന്നാണ് ആരാധകര്‍ പറയുന്നത്.
സ്പാനിഷ് സിനിമയായ ചാമ്പ്യന്‍സിന്റെ അവകാശം ആമിര്‍ഖാന്‍ നേരത്തെ സ്വന്തമാക്കിയിട്ടുള്ളതാണ്. ഡിസെബിലിറ്റിയുള്ള ആളുകള്‍ അടങ്ങിയ ഒരു ബാസ്‌കര്‍ ബോള്‍ ടീമിന്റെ യഥാര്‍ഥ കഥയാണ് സിനിമയുടെ ഇതിവൃത്തം. സിതാരെ സമീന്‍ പറില്‍ സ്പാനിഷ് ചിത്രത്തിന്റെ ഓരോ സീനുകളും അതുപോലെ പകര്‍ത്തുകയാണ് ചെയ്തിട്ടുള്ളതെന്ന് വിമര്‍ശകര്‍ പറയുന്നു.
ഏറെക്കാലത്തിന് ശേഷം ഒരു തിരിച്ചുവരവ് നടത്തുമ്പോള്‍ ഒരു റീമെയ്ക്ക് ചിത്രത്തിലൂടെ തന്നെ വേണമോ അതെന്നുള്ള ചോദ്യമാണ് പ്രധാനമായും ആരാധകര്‍ ചോദിക്കുന്നത്. അവസാനം ഇറങ്ങിയ റീമെയ്ക്ക് സിനിമയായ ലാല്‍ സിംഗ് ഛദ്ദ ബോക്‌സോഫീസില്‍ ബോംബായിരുന്നുവെന്നും ആരാധകര്‍ ഓര്‍മിപ്പിക്കുന്നു.
ഇന്ത്യന്‍ സാഹചര്യത്തിലേക്ക് സിനിമ മാറ്റുമ്പോള്‍ ക്രിക്കറ്റോ ഹോക്കിയോ അങ്ങനെ എന്തെങ്കിലും തിരെഞ്ഞെടുക്കാമായിരുന്നുവെന്ന് ഒരാള്‍ പറയുമ്പോള്‍ ഈ ആമിര്‍ ഖാന്‍ ചെയ്യുന്നതെല്ലാം കോപ്പിയാണെന്ന് ചിലര്‍ പറയുന്നു. അതേസമയം ഇത് ഔദ്യോഗിക റീമെയ്ക്കാണെന്നും ഇന്ത്യക്കാര്‍ സ്പാനിഷ് ചിത്രം കണ്ടിട്ടില്ലാത്തതിനാല്‍ ഇതില്‍ പ്രശ്‌നമില്ലെന്നും ആമിര്‍ ഖാനെ പിന്തുണയ്ക്കുന്നവര്‍ പറയുന്നു. ജൂണ്‍ 20നാണ് സിനിമ തിയേറ്ററുകളില്‍ എത്തുന്നത്.