Select Your Language

Notifications

webdunia
webdunia
webdunia
webdunia

'പുതിയ സംവിധായകരുടെ സിനിമകൾക്ക് പ്രേക്ഷകർ യെസ് പറയാൻ കാരണമായത് ട്രാഫിക്കാണ്' രാജേഷ് പിള്ളയെ അനുസ്‌മരിച്ച് ഫെഫ്ക

'പുതിയ സംവിധായകരുടെ സിനിമകൾക്ക് പ്രേക്ഷകർ യെസ് പറയാൻ കാരണമായത് ട്രാഫിക്കാണ്' രാജേഷ് പിള്ളയെ അനുസ്‌മരിച്ച് ഫെഫ്ക

അഭിറാം മനോഹർ

, വെള്ളി, 28 ഫെബ്രുവരി 2020 (17:01 IST)
മലയാളത്തിന്റെ പ്രിയ സംവിധായകൻ രാജേഷ് പിള്ള ഓർമ്മയായി നാല് വർഷം തികയുമ്പോൾ പ്രിയ സംവിധായകനെ അനുസ്‌മരിച്ച് ഫെഫ്ക യറക്ടേഴ്സ് യൂണിയന്‍.മലയാള ചലച്ചിത്രലോകത്ത് നിശബ്ദം കടന്നു പോകുമായിരുന്ന ഒരു ചലച്ചിത്രകാരനാകുമായിരുന്നെങ്കിലും മലായാള സിനിമയെ തന്നെ മാറ്റിമറിച്ചാണ് രാജേഷ് പിള്ള യാത്രയായതെന്ന് ഫെഫ്കയുടെ അനുസ്‌മരണകുറിപ്പിൽ പറയുന്നു.
 
മലയാള സിനിമയെ കൈപിടിച്ചുയര്‍ത്താന്‍. ‘ട്രാഫിക്’ പുതിയ വഴി തുറന്ന് കൊടുത്ത ഊര്‍ജ്ജമാണ് ഇന്നത്തെ സിനിമകളുടെ പോലും കുതിപ്പിന് കളമൊരുക്കിയതെന്നും പിന്നീട് വന്ന ഒട്ടേറെ പുതുസംവിധായകരുടെ സിനിമയ്‌ക്ക് യെസ് പറയാൻ മലയാളി പ്രേക്ഷകർക്ക് പ്രേരണയായത് ട്രാഫിക്കാണെന്നും ഫെഫ്ക സോഷ്യൽ മീഡിയയിൽ പങ്ക് വെച്ച കുറിപ്പിൽ പറയുന്നു.
 
ഫെഫ്കയുടെ കുറിപ്പ് വായിക്കാം
 
രാജേഷ് പിള്ളയുടെ ഓർമ്മയിൽ നാല് വർഷം......
 
ട്രാഫിക്'(2011) എന്ന സിനിമയിലൂടെ മലയാള സിനിമയുടെ പുതിയകാലം അടയാളപ്പെടുത്തിയ സംവിധായകനായിരുന്നു രാജേഷ് പിള്ള. പിന്നീട് കടന്നുവന്ന ഒട്ടേറെ പുതുസംവിധായകരുടെ സിനിമയ്ക്ക് 'യെസ്' പറയാന്‍ മലയാളി പ്രേക്ഷകര്‍ക്ക് പ്രേരണയായത് ട്രാഫിക്കാണ്. ഹൃദയത്തില്‍ സൂക്ഷിക്കാന്‍' എന്ന സിനിമയിലൂടെ മലയാളത്തില്‍ സ്വതന്ത്ര സംവിധായകനായി അരങ്ങേറ്റം കുറിച്ച രാജേഷ് പിള്ളയ്ക്ക് തന്റെ ആദ്യ ചിത്രം നല്‍കിയ തിരിച്ചടി വളരെ വലുതായിരുന്നു. ട്രാഫിക് എന്ന ചിത്രമാണ്‌ രാജേഷ് പിള്ളയെ മലയാള സിനിമാ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധയാകനാക്കിയത്. മലയാള ചലച്ചിത്രലോകത്ത് നിശബ്ദം കടന്നു പോകുമായിരുന്ന ഒരു ചലച്ചിത്രകാരൻ. പക്ഷെ, കാലം കരുതിവെച്ചത് ചരിത്രനിയോഗമായിരുന്നു.
 
വ്യത്യസ്തതലങ്ങളില്‍ നീങ്ങുന്ന കഥാധാരകള്‍ കോര്‍ത്തിണക്കിയുള്ള ട്രാഫിക്ക് ചരിത്രമായി. ഒറ്റദിവസം പലജീവിതങ്ങളില്‍ സംഭവിക്കുന്നതെല്ലാം ഒറ്റ തന്തുവിലേക്കെത്തിച്ച സംവിധായകന്റെ കയ്യടക്കം ട്രാഫിക്കില്‍ പ്രകടമായിരുന്നു. പലഭാഷകളില്‍ പിന്നീട് നിര്‍മ്മിക്കപ്പെട്ട ചിത്രം ഹിന്ദിയില്‍ രാജേഷ് തന്നെ സംവിധാനം ചെയ്തു. ശ്രീനിവാസന്‍, റഹ്മാന്‍, കുഞ്ചാക്കോ ബോബന്‍, ആസിഫ് അലി, അനൂപ് മേനോന്‍, വിനീത് ശ്രീനിവാസന്‍, സന്ധ്യ, റോമ, രമ്യ നമ്പീശന്‍ എന്നിവരാണ് ചിത്രത്തിലെ പ്രധാന വേഷങ്ങള്‍ ചെയ്തത്.
 
പ്രേക്ഷകരും തീയേറ്ററുകളും ഇല്ലാതായിക്കൊണ്ടിരുന്ന കാലം. ഒരു നിയോഗം പോലെ രജേഷ് തന്റെ തിരിച്ചുവരവ് നടത്തുകയായിരുന്നു, മലയാള സിനിമയെ കൈപിടിച്ചുയർത്താൻ. 'ട്രാഫിക്' പുതിയ വഴി തുറന്ന് കൊടുത്ത ഊർജ്ജമാണ് ഇന്നത്തെ സിനിമകളുടെ പോലും കുതിപ്പിന് കളമൊരുക്കിയത്. വേണ്ടത്ര പോസ്റ്ററുകളോ പ്രചാരണമോ ഇല്ലാതെ വെറും 'മൗത് ടു മൗത്' പബ്ലിസിറ്റി കൊണ്ട് പ്രേക്ഷകർ ഏറ്റെടുക്കുകയായിരുന്നു ട്രാഫിക്. പല പ്ലോട്ടുകളെ ഒന്നിച്ചു ഇഴപിരിച്ചു വെച്ച സിനിമ, സിനിമയുടെ സാങ്കേതികതക്കപ്പുറം പ്രേക്ഷക മനസ്സിൽ ചിലത് അവശേഷിപ്പിയ്ജുകയായിരുന്നു. 2011ലെ ഗോവ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പനോരമയില്‍ ഈ ചിത്രം പ്രദര്‍ശിപ്പിച്ചിരുന്നു.
 
രണ്ടാം ചിത്രമായ ട്രാഫിക്കിന്റെ വന്‍വിജയത്തിനുശേഷം മൂന്നാമത് ചിത്രമായ മിലി (2015) യിലും മികവ് പുലര്‍ത്താന്‍ രാജേഷിനുകഴിഞ്ഞു. പരാജയവും അവഗണനയും അനുഭവി ക്കുന്നവരുടെ, രൂഢ മൂലമായ അപകര്‍ഷതാ ബോധത്തിന്റെ അമ്പരപ്പ് പുറത്തുകാട്ടാതെ പുറമേ ധൈര്യത്തിന്റെ ആവരണം ധരിച്ച് ജീവിക്കുന്നവരുടെ, തിരിച്ചറിവിന്റെ പ്രതീകമായിരുന്നു മിലി. പൊതുമധ്യത്തിലോ പ്രസംഗവേദിയിലോ സംസാരിക്കാന്‍ പോലും സാധിക്കാത്ത മിലി ഏവരുടേയും പ്രതീകമാണ്. പരാജിതരെ നിങ്ങള്‍ക്ക് രണ്ടാംവരവിന് അവസരമുണ്ടെന്ന് മിലി പ്രഖ്യാപിച്ചു. ആത്മവിശ്വാസമാണ് അതിനുള്ള ആയുധമായി ചിത്രം പറയുന്നത്. ഈ സിനിമ സംവിധായകന്റെ ആത്മകഥാപരമായ ചലച്ചിത്രമാണെന്ന് രാജേഷ് പലപ്പോഴും പറഞ്ഞിരുന്നു.
 
പ്രമുഖ സംവിധായകര്‍ പോലും ചാനല്‍ മുതലാളിമാരുടെ ആഗ്രഹങ്ങള്‍ക്ക് വഴങ്ങി വിജയഫോര്‍മുലകളില്‍ തളച്ചിടപ്പെടുമ്പോള്‍ സ്വന്തം ഇഷ്ടപ്രകാരം സിനിമയെടുക്കാന്‍ ധൈര്യം കാണിക്കുകയായിരുന്നു അദ്ദേഹം.ജീവിതത്തില്‍ പരാജയപ്പെട്ടവര്‍ക്ക് വീണ്ടും പൊരുതാനുള്ള ഊര്‍ജ്ജം പകരാനാണ് സംവിധായകന്‍ തന്റെ രണ്ടുമണിക്കൂറില്‍ താഴെയുള്ള സിനിമയിലൂടെ ശ്രമിച്ചത്. അമലപോളിന്റെ കരിയറിലെ മികച്ച പ്രകടനമായിരുന്നു 'മിലി'യിലെ വേഷം. വലിയ മോഹങ്ങളെല്ലാം ഉപേക്ഷിച്ച് ഒടുവില്‍ നഗരത്തിലെ പ്ളേ സ്കൂള്‍ അധ്യാപികയാകേണ്ടിവന്ന പെണ്‍കുട്ടിയുടെ അപകര്‍ഷതയും നൊമ്പരവും നിഗൂഢമായ പ്രണയവും അമല അനുഭവേദ്യമാക്കി.
 
അവസാന ചിത്രമായ വേട്ട വെള്ളിയാഴ്ചയാണ് തീയറ്ററുകളിലെത്തിയത്. കുഞ്ചാക്കോ ബോബനും മഞ്ജുവാര്യരും അഭിനയിക്കുന്ന ഈ ചിത്രം മികച്ച അഭിപ്രായം നേടുന്നതിനിടയിലാണ് സംവിധായകന്റെ വേര്‍പാട്. മാറ്റിവെക്കാനുള്ള ഹൃദയം പാലക്കാട്ടുനിന്ന് കൊച്ചിയിലേക്കെത്തിക്കുന്നതായിരുന്നു ട്രാഫിക്' എന്ന തന്റെ ഹിറ്റ് ചിത്രത്തിലെ ത്രില്‍ പകര്‍ന്ന പ്രധാനഭാഗം. കരള്‍ മാറ്റിവെക്കാന്‍ ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിക്കുയായിരുന്നു രാജേഷ് പിള്ളയ്ക്കും. പക്ഷേ മാറ്റിവെക്കാന്‍ കരള്‍ കിട്ടുംമുമ്പ് മരണമെത്തി, മനസ്സിൽ നിറയെ പൂർത്തിയാക്കാനുള്ള പുതിയ സിനിമകളുമായി രാജേഷ് പിള്ള മരണത്തോടൊപ്പം യാത്രയായി.
 
‘ഒരു മനുഷ്യന് 150 ദിവസമേ ആയുസ്സുള്ളൂ എന്ന് പറയുമ്ബോഴും ആ 150 ദിവസത്തില്‍ എനിക്കൊരു സിനിമ ചെയ്യണം എന്ന് തീരുമാനിച്ച സംവിധായകന്‍ ആണ് രാജേഷ് പിള്ള എന്നും തന്നെ സംബന്ധിച്ച്‌ നൂറ്റാണ്ടിലെ ഏറ്റവും മികച്ച സംവിധായകന്‍ ആണ് രാജേഷ് പിള്ള’ – ട്രാഫിക്കിന്റെ തിരക്കഥാകൃത്തുക്കളായ ബോബി സഞ്ജയ് ടീമിലെ സഞ്ജയ് ഒരു ചടങ്ങില്‍ രാജേഷ് പിള്ളയെക്കുറിച്ച്‌ പറഞ്ഞതിങ്ങനെ..
 
സഹസംവിധായകനായി പ്രവർത്തിച്ച ഗുരു, തച്ചോളി ചേകവർ വർഗ്ഗീസ് തുടങ്ങിയവയുടെ കാലത്ത് തന്നെ സിനിമയെ പ്രണയിച്ച സംവിധായകൻ തന്റെ 'വേട്ട' പറഞ്ഞ് കഥ അവസാനിപ്പിക്കുകയായിരുന്നു. നവസിനിമക്ക് വഴിതെളിയിച്ചു രാജേഷ് പിള്ളക്ക് ഫെഫ്ക്ക ഡയറക്ടേഴ്‌സ് യൂണിയന്റെ പ്രണാമം.
 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കൈദി ഹിന്ദി റീമേക്കില്‍ അജയ് ദേവ്‌ഗണ്‍, സംവിധാനം ലോകേഷ് തന്നെ?