ഓരോ വര്‍ഷം പിന്നിടുമ്പോഴും കഴിഞ്ഞ വര്‍ഷം ഏറ്റവും വിജയം നേടിയ സിനിമകള്‍ ചര്‍ച്ച ചെയ്യപ്പെടാറുണ്ട്. ആക്ഷന്‍ സിനിമകള്‍,ത്രില്ലറുകള്‍ എന്നിങ്ങനെ ഒരു പ്രത്യേക വിഭാഗത്തിലുള്ള സിനിമകളെയാകും പ്രേക്ഷകര്‍ പ്രധാനമായും സ്വീകരിച്ചു കാണുക. അത്തരത്തില്‍ നോക്കിയാല്‍ 2024നെ കണക്കിലെടുക്കുമ്പോള്‍ ഇന്ത്യന്‍ സ്‌ക്രീനുകളില്‍ ചോര പടരുന്നത് ആഘോഷിച്ച വര്‍ഷമാകും 2024.
2023 ഡിസംബര്‍ 1ന് റിലീസ് ചെയ്ത സിനിമയാണെങ്കിലും ആനിമല്‍ എന്ന സിനിമയായിരുന്നു ഇതിനെല്ലാം തുടക്കം കുറിച്ചത്. ഇന്ത്യന്‍ ബിഗ് സ്‌ക്രീനില്‍ അഡല്‍റ്റ്‌സ് ഓണ്‍ലി എന്ന ബോര്‍ഡ് വെച്ചാലും പ്രേക്ഷകര്‍ കയറുമെന്നും സിനിമ വിജയിപ്പിക്കുമെന്നും പഠിപ്പിച്ചത് അനിമലായിരുന്നു. ഇന്ത്യന്‍ ബോക്‌സോഫീസില്‍ വലിയ വിജയം സിനിമ കാഴ്ചവെച്ചപ്പോള്‍ വയലന്‍സില്‍ ഒട്ടും വെള്ളം ചേര്‍ക്കാതെ വന്ന കില്‍ എന്ന സിനിമയും വലിയ വിജയമായി മാറി. ഇന്ത്യയിലെ ഏറ്റവും വയലന്‍സുള്ള സിനിമയെന്ന ലേബലിലാണ് കില്‍ വന്നത്. പുതുമുഖങ്ങളെ അണിനിരത്തിയ സിനിമ ബോക്‌സോഫീസില്‍ നേട്ടമുണ്ടാക്കുകയും ചെയ്തു.
ഈ സിനിമകള്‍ക്കെല്ലാം ശേഷമാണ് മലയാളത്തില്‍ നിന്നും മാര്‍ക്കോ എന്ന സിനിമ റിലീസ് ചെയ്തത്. മലയാളത്തിലെ ഏറ്റവും വയലന്റായ സിനിമ എന്ന ടാഗ് ലൈനില്‍ ഇറങ്ങിയ സിനിമ റിലീസ് ചെയ്ത് 10 ദിവസങ്ങള്‍ പിന്നിടുമ്പോള്‍ മലയാളത്തിന് പുറമെ ബോളിവുഡിലും മികച്ച നേട്ടമാണുണ്ടാക്കുന്നത്. മലയാളത്തിലെ മാത്രമല്ല ഇന്ത്യയിലെ തന്നെ ഏറ്റവും വയലന്റായ സിനിമയാണ് മാര്‍ക്കോ എന്നാണ് ആരാധകര്‍ പറയുന്നത്. ഹിന്ദിയില്‍ 50ല്‍ താഴെ സ്‌ക്രീനുകളിലെത്തിയ സിനിമ ഇപ്പോള്‍ 350 ന് മുകളില്‍ സ്‌ക്രീനുകളിലാണ് ഉത്തരേന്ത്യയില്‍ പ്രദര്‍ശിപ്പിക്കുന്നത്.