ബോളിവുഡ് സ്റ്റൈലിൽ മലയാള സിനിമയിലും പാപ്പരാസി കൾച്ചർ അധികമായിരിക്കുകയാണ്. ഇതിനെതിരെ തുറന്നടിച്ച് നടി ഗൗരി ജി കിഷന്‍. മറ്റ് ഇന്‍ഡസ്ട്രികളേക്കാള്‍ കൂടുതല്‍ സ്‌പേസ് മലയാളത്തില്‍ യൂട്യൂബ് മീഡിയ്ക്ക് ലഭിക്കുന്നുണ്ടെന്നാണ് ഗൗരി പറയുന്നത്. സ്വകാര്യത മാനിക്കപ്പെടുന്നില്ലെന്നും യൂട്യൂബ് ചാനലുകള്‍ സ്വയം നിയന്ത്രണിക്കണമെന്നും ഗൗരി പറയുന്നു. മനോരമ ഓണ്‍ലൈനിന് നല്‍കിയ അഭിമുഖത്തിലാണ് ഗൗരി മനസ് തുറന്നത്.
യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങളാണ് ഓണ്‍ലൈന്‍ ചാനലുകാര്‍ ചോദിക്കുന്നത്. വീഡിയോയും ക്യാപ്ഷനും തമ്മില്‍ യാതൊരു ബന്ധവുമുണ്ടാകില്ലെന്നും ഗൗരി ഫറയുന്നത്. തനിക്കുണ്ടായൊരു അനുഭവവും ഗൗരി പങ്കുവെക്കുന്നുണ്ട്.
'മറ്റ് ഇന്‍ഡസ്ട്രികളേക്കാള്‍ കൂടുതല്‍ യൂട്യൂബ് മീഡിയ ഇവിടെ വലിയ സ്‌പേസ് എടുക്കുന്നുണ്ട്. സ്വകാര്യത എല്ലാവര്‍ക്കുമുണ്ടല്ലോ. അതു മാനിക്കപ്പെടേണ്ടതാണ്. പക്ഷേ, പലപ്പോഴും ഇവിടെ അതല്ല നടക്കുന്നത്. എവിടെച്ചെന്നാലും ക്യാമറകള്‍ കാണാം. യാതൊരു ബന്ധവുമില്ലാത്ത ചോദ്യങ്ങള്‍ ചോദിക്കും.
വീഡിയോയും ക്യാപ്ഷനുമായും ഒരു ബന്ധവും കാണില്ല. ക്ലിക്കും ലൈക്കും കമന്റുമല്ലല്ലോ ജേണലിസം. അതിന് അതിന്റേതായ മാന്യതയും വിലയുമുണ്ട്. യൂട്യൂബ് മീഡിയയെ എങ്ങനെ റഗുലേറ്റ് ചെയ്യണമെന്ന് എനിക്കറിയില്ല. പക്ഷേ, സ്വയം നിയന്ത്രിക്കേണ്ടത് അവരുടെ കടമയാണ്. കഴിഞ്ഞ ദിവസം എന്റെ ഒരു വീഡിയോയില്‍ താന്‍ ധരിച്ച ചെരുപ്പിന് 5 ലക്ഷമാണു വിലയെന്ന് എഴുതിയിട്ടതു കണ്ടു. താന്‍ അതിനു താഴെ, അതിന് 5000 രൂപയാണെന്ന് എഴുതുകയും ചെയ്തു', ഗൗരി പറയുന്നു.
ഇത്തരത്തില്‍ കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിക്കുന്ന കണ്ടന്റുകള്‍ പ്രോത്സാഹിപ്പിക്കാനാകില്ലെന്നും ഗൗരി പറഞ്ഞു. സാഹസം ആണ് ഗൗരിയുടേതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. സിനിമ ബോക്‌സ് ഓഫീസില്‍ വിജയം നേടുകയും ചെയ്തിരുന്നു. മലയാളത്തിലെന്നത് പോലെ തമിഴിലും സജീവമാണ് ഗൗരി ജി കിഷന്‍. സിനിമകള്‍ക്ക് പുറമെ ഒടിടിയിലും സാന്നിധ്യം അറിയിക്കുകയാണ് ഗൗരി.