ഇളയരാജയുടെ ചെക്ക് ഏറ്റു; അജിത്തിന്റെ 'ഗുഡ് ബാഡ് അഗ്ലി' നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കി
സംഗീത സംവിധായകന്‍ ഇളയരാജയുടെ മൂന്ന് ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് നിര്‍മാതാക്കള്‍ക്കെതിരെ കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കിയത്
കോടതി ഉത്തരവിനെ തുടര്‍ന്ന് അജിത് കുമാറിന്റെ 'ഗുഡ് ബാഡ് അഗ്ലി' ഒടിടി പ്ലാറ്റ്‌ഫോമായ നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കം ചെയ്തു. റിലീസ് ചെയ്തു നാല് മാസങ്ങള്‍ക്കു ശേഷമാണ് ചിത്രം ഒടിടിയില്‍ നിന്ന് പിന്‍വലിച്ചത്.
സംഗീത സംവിധായകന്‍ ഇളയരാജയുടെ മൂന്ന് ഗാനങ്ങള്‍ അനുമതിയില്ലാതെ ഉപയോഗിച്ചതിന് നിര്‍മാതാക്കള്‍ക്കെതിരെ കോടതി പുറപ്പെടുവിച്ച ഉത്തരവിനെ തുടര്‍ന്നാണ് ചിത്രം നെറ്റ്ഫ്‌ളിക്‌സില്‍ നിന്ന് നീക്കിയത്. തന്റെ ഗാനങ്ങള്‍ അനുമതിയില്ലാതെ സിനിമയില്‍ ഉപയോഗിച്ചതിന് ഇളയരാജ നിര്‍മാതാക്കള്‍ക്കെതിരെ കേസ് കൊടുക്കുകയായിരുന്നു.
അധിക് രവിചന്ദ്രന്‍ സംവിധാനം ചെയ്ത 'ഗുഡ് ബാഡ് അഗ്ലി' ഏപ്രിലിലാണ് റിലീസ് ചെയ്തത്. മേയ് എട്ടിനു അഞ്ച് ഭാഷകളിലായി ചിത്രം ഒടിടിയിലുമെത്തി. സിനിമയുടെ തിയറ്റര്‍ റിലീസിനു പിന്നാലെ ഇളയരാജ നിര്‍മാതാക്കളായ മൈത്രി മൂവി മേക്കേഴ്‌സിനെതിരെ നോട്ടീസ് അയച്ചു. 'ഒത്ത റൂബ തരേന്‍', 'എന്‍ ജോഡി മഞ്ച കുരുവി', 'ഇളമൈ ഇതോ ഇതോ' എന്നീ ഗാനങ്ങള്‍ സിനിമയില്‍ നിന്ന് നീക്കം ചെയ്യണമെന്നും അഞ്ച് കോടി രൂപ നഷ്ടപരിഹാരം നല്‍കണമെന്നും ഇളയരാജ ആവശ്യപ്പെട്ടിരുന്നു.