Select Your Language

Notifications

webdunia
webdunia
webdunia
webdunia

ജി എസ് ടിയുടെ മറവിൽ സംസ്ഥാന സർക്കാർ അധിക ചാർജ്ജ് സ്വീകരിക്കുന്ന നിലപാടിൽ നിന്ന് പിൻമാറണം: സലിം പി ചാക്കോ

ജി എസ് ടിയുടെ മറവിൽ സംസ്ഥാന സർക്കാർ അധിക ചാർജ്ജ്  സ്വീകരിക്കുന്ന നിലപാടിൽ നിന്ന് പിൻമാറണം: സലിം പി ചാക്കോ

ജെയ്‌സണ്‍ സാമുവല്‍

പത്തനംതിട്ട , ബുധന്‍, 13 നവം‌ബര്‍ 2019 (19:00 IST)
ജി.എസ്.ടിയുടെ മറവിൽ സംസ്ഥാന സർക്കാർ അധിക ചാർജ് സ്വീകരിക്കുന്ന നിലപാടിൽ നിന്ന് പിൻമാറണമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി. ചാക്കോ ആവശ്യപ്പെട്ടു. 
 
ഒരു രാജ്യം ഒരൊറ്റ നികുതി എന്ന ആശയത്തിൽ ജി.എസ്.ടി  നടപ്പായപ്പോൾ
നൂറ് രൂപ വരെയുള്ള സാധാരണ പ്രേക്ഷകന്റെ സിനിമ ടിക്കറ്റിന് നിരക്ക് 18% ഉം അതിന് മുകളിലുള്ള ലക്ഷ്വറി സിനിമ ടിക്കറ്റിന് നിരക്ക് 28% ഉം ആയി നിജപ്പെടുത്തിയിരുന്നു.
 
സാർവദേശീയമായി ഈ നിരക്കുകൾ സിനിമാവ്യവസായത്തെ പ്രതികൂലമായി ബാധിക്കുന്നെന്ന് കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര ഗവൺമെന്റ് നിരക്കുകൾ യഥാക്രമം 12% ഉം 18% ഉം ആയി വെട്ടിക്കുറച്ചു. ഒട്ടുമിക്ക തിയേറ്ററുകളിലും സാധാരണ ടിക്കറ്റിന് 100 രൂപ അടിസ്ഥാന വിലയും 12 രൂപ ജി.എസ്.ടി യും 1 രൂപ പ്രളയ സെസും ചേർത്ത് 113 രൂപയാണ്.
 
എന്നാലിപ്പോൾ സംസ്ഥാന ഗവൺമെന്റ് ദശാബ്ദങ്ങൾ പഴക്കമുള്ള തദ്ദേശ സ്വയംഭരണച്ചട്ടം ചൂണ്ടിക്കാട്ടി 100 രൂപ വരെ അടിസ്ഥാന വിലയുള്ള ടിക്കറ്റിന് 5% ഉം അതിന് മുകളിലുള്ള ടിക്കറ്റിന് 8.5% ഉം എന്റെർടെയ്ൻമെന്റ് ടാക്സ് പിരിക്കാൻ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾക്ക് ഉത്തരവ് നൽകിയിരിക്കുകയാണ്.
 
ജി.എസ്.ടി കൗൺസിലിന്റെ അനുമതിയില്ലാത്ത പണപ്പിരിവ് ആയതിനാൽ പ്രേക്ഷകൻ പുതിയ എന്റെർടെയ്ൻമെൻറ് ടാക്സിനും കൂടി ജി.എസ്.ടി കൊടുക്കാൻ നിർബന്ധിതമാകുന്നു.
 
 അതിലുപരിയായി 100 രൂപ ടിക്കറ്റിന് 5% എന്റെർടെയ്ൻമെന്റ് ടാക്സ്  കൂട്ടുന്നതോടെ അടിസ്ഥാന നിരക്ക് 105 രൂപ ആയിമാറുന്നു. അങ്ങിനെ ആ ടിക്കറ്റിന് (100 രൂപയിൽ കൂടിയതിനാൽ) 12 ശതമാനത്തിന് പകരം ലക്ഷ്വറി നിരക്കായ 18% ജി.എസ്.ടി  കൊടുക്കാൻകൂടി നിർബന്ധിതമാകുന്നു.
 
അതായത് ഫലത്തിൽ പഞ്ചായത്ത്/ മുനിസിപ്പാലിറ്റി/ കോർപ്പറേഷൻ ഭേദമില്ലാതെ ഇപ്പോഴത്തെ 113 രൂപക്ക് പകരം  അടിസ്ഥാന നിരക്ക് 100 രൂപയും എന്റെർടെയ്ൻമെന്റ് ടാക്സ്  5 രൂപയും ജി.എസ്.ടി 19 രൂപയും പ്രളയ സെസ് 1 രൂപയും ചേർത്ത്  ആകെമൊത്തം 125 രൂപ നൽകേണ്ടിവരും.
 
ഈ അമിത നികുതിഭാരം പ്രേക്ഷകരെ തിയേറ്ററുകളിൽ നിന്ന് അകറ്റുമെന്നതിൽ യാതൊരു സംശയവുമില്ല. ഈ അധികം പിരിക്കുന്ന 12 രൂപയിൽ ചില്ലിക്കാശ് പോലും ചിത്രത്തിന്റെ നിർമ്മാതാവിനോ, വിതരണക്കാരനോ, തിയേറ്റർ ഉടമകൾക്കോ ലഭിക്കുന്നില്ല എന്നതുകൂടി  ഓർമ്മപ്പെടുത്തുന്നു. ഉയർന്ന ടിക്കറ്റ് നിരക്കുകൾക്കും ആനുപാതികമായുള്ള വർദ്ധനവുണ്ടാകും. 
 
ജി.എസ്.ടി  വന്നതോടു കൂടി നികുതിനഷ്ടം ഉണ്ടായി, അതിനാൽ ആ നഷ്ടം നികത്തുവാനായി എന്റെർടെയ്ൻമെന്റ് ടാക്സ്  ഏർപ്പെടുത്തേണ്ടി വരുന്നു എന്നാണ് സർക്കാർ ഭാഷ്യം. എന്നാൽ വസ്തുതയെന്താണെന്നു വെച്ചാൽ ജി.എസ്.ടി  നിലവിൽ വന്നതിന് ശേഷം സംസ്ഥാന സർക്കാരുകൾക്ക് നികുതിയിലുണ്ടാകുന്ന വർഷാവർഷമുള്ള ഏറ്റക്കുറച്ചിലുകൾ ജി.എസ്.ടി കൗൺസിൽ പരിഹരിക്കുന്നുണ്ട്. 
 
അതായത് ജി. എസ്. ടി ഏർപ്പെടുത്തിയത് കൊണ്ട് സംസ്ഥാന ഗവൺമെന്റിന് പ്രത്യേകിച്ച് യാതൊരു വരുമാന നഷ്ടവും ഉണ്ടായിട്ടില്ലെ. അതിനാൽ  സിനിമാവ്യവസായത്തെ പിന്നോട്ട് വലിക്കുന്ന ഈ ജനവിരുദ്ധ തീരുമാനത്തിൽ നിന്ന് സംസ്ഥാന സർക്കാർ പിൻവാങ്ങണമെന്ന് സിനിമ പ്രേക്ഷക കൂട്ടായ്മ സംസ്ഥാന ജനറൽ സെക്രട്ടറി സലിം പി. ചാക്കോ ആവശ്യപ്പെട്ടു.

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കോടതിയില്‍ നിന്നാണ് ഞാന്‍ വോയിസ് മോഡുലേഷന്‍ പഠിച്ചത്: മമ്മൂട്ടി