Select Your Language

Notifications

webdunia
webdunia
webdunia
webdunia

Happy Birthday Mammootty: മലയാളത്തിന്റെ മഹാനടന് ഇന്ന് 73-ാം പിറന്നാള്‍

കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി മലയാള സിനിമയുടെ സ്പന്ദനങ്ങള്‍ മമ്മൂട്ടിയിലൂടെയാണ് മലയാളി അറിയുന്നത്

Happy Birthday Mammootty, Mammootty Birthday

രേണുക വേണു

, ശനി, 7 സെപ്‌റ്റംബര്‍ 2024 (07:23 IST)
Happy Birthday Mammootty: ജന്മദിന നിറവില്‍ മലയാളത്തിന്റെ മഹാനടന്‍ മമ്മൂട്ടി. 1951 സെപ്റ്റംബര്‍ ഏഴിന് ജനിച്ച മമ്മൂട്ടി തന്റെ 73-ാം ജന്മദിനമാണ് ആഘോഷിക്കുന്നത്. പതിവുപോലെ ഇത്തവണയും രാത്രി 12 ന് മമ്മൂട്ടിയുടെ കൊച്ചിയിലെ വീടിനു മുന്നില്‍ നൂറുകണക്കിനു ആരാധകര്‍ ഒത്തുകൂടി. മമ്മൂട്ടി വീട്ടില്‍ ഇല്ലായിരുന്നതിനാല്‍ നിരാശപ്പെട്ടു തിരിച്ചുപോകേണ്ടി വരുമെന്ന് ആരാധകര്‍ കരുതിയതാണ്. എന്നാല്‍ വീഡിയോ കോളില്‍ എത്തി ആരാധകര്‍ക്ക് സര്‍പ്രൈസ് നല്‍കുകയായിരുന്നു മെഗാസ്റ്റാര്‍. ആരാധകരെ സാക്ഷിയാക്കി വീഡിയോ കോളില്‍ തന്നെ മമ്മൂട്ടി കുടുംബസമേതം കേക്ക് മുറിച്ചു. 
 
കഴിഞ്ഞ അരനൂറ്റാണ്ടിലേറെയായി മലയാള സിനിമയുടെ സ്പന്ദനങ്ങള്‍ മമ്മൂട്ടിയിലൂടെയാണ് മലയാളി അറിയുന്നത്. അഭിനയത്തില്‍ കാലത്തിനൊപ്പം സ്വയം അപ്‌ഡേറ്റ് ചെയ്ത് 73-ാം വയസ്സിലും അയാള്‍ മുപ്പതുകാരനൊപ്പം മത്സരിക്കുകയാണ്. അഭിനയത്തോടു അടങ്ങാത്ത അഭിനിവേശമായിരുന്നു അന്നും ഇന്നും മമ്മൂട്ടിക്ക്. മലയാള സിനിമ കേരളമെന്ന ഇട്ടാവട്ടത്തിനു അപ്പുറം ചര്‍ച്ചയാകുന്നത് മമ്മൂട്ടി ചിത്രങ്ങളിലൂടെയാണ്. നിറക്കൂട്ടും ന്യൂഡല്‍ഹിയും മലയാള സിനിമയുടെ യശസ് ഉയര്‍ത്തുന്നവയായിരുന്നു. മമ്മൂട്ടിയുടെ താരമൂല്യം തന്നെയാണ് കേരളത്തിനു പുറത്തും വിറ്റഴിക്കപ്പെട്ടത്. മമ്മൂട്ടിയെന്നാല്‍ മലയാളിക്ക് 'മാസ്' ഹീറോയായി. പിന്നീടങ്ങോട്ട് ആ പൗരുഷം ആഘോഷിക്കപ്പെട്ട എത്രയെത്ര സിനിമകള്‍. 
 
പി.ഐ.മുഹമ്മദ് കുട്ടിയെന്നാണ് മമ്മൂട്ടിയുടെ യഥാര്‍ഥ പേര്. മുഹമ്മദ് കുട്ടിയെന്ന പൊടിമീശക്കാരന്‍ 1971 ഓഗസ്റ്റ് ആറിന് റിലീസ് ചെയ്ത 'അനുഭവങ്ങള്‍ പാളിച്ചകള്‍' എന്ന സിനിമയില്‍ മുഖം കാണിച്ചു. മഹാരാജാസ് കോളേജിലെ വിദ്യാര്‍ഥിയായിരുന്നു അന്ന് മുഹമ്മദ് കുട്ടി. അനുഭവങ്ങള്‍ പാളിച്ചകള്‍ എന്ന ചിത്രത്തില്‍ ചെറിയൊരു വേഷമാണ് മമ്മൂട്ടിക്ക് ലഭിച്ചത്. രണ്ട് ചെറിയ ഷോട്ടുകളില്‍ മാത്രമാണ് മമ്മൂട്ടി അഭിനയിച്ചത്. അന്നത്തെ സൂപ്പര്‍താരം സത്യന്‍ ആയിരുന്നു അനുഭവങ്ങള്‍ പാളിച്ചകളിലെ നടന്‍. സത്യന്റെ അവസാന സിനിമ കൂടിയായിരുന്നു അത്. സത്യന്റെ അവസാന ചിത്രം മമ്മൂട്ടിയുടെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റമായത് കാലത്തിന്റെ കാവ്യനീതി. 
 
കെ.എസ്.സേതുമാധവനാണ് അനുഭവങ്ങള്‍ പാളിച്ചകള്‍ സംവിധാനം ചെയ്തത്. ഷീലയായിരുന്നു സത്യന്റെ നടി. സിനിമയില്‍ ആള്‍ക്കൂട്ടത്തില്‍ ഒരാളായാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. എന്നാല്‍, ഈ സിനിമയ്ക്ക് ശേഷം പിന്നെയും ഒന്‍പത് വര്‍ഷങ്ങള്‍ കഴിഞ്ഞാണ് മമ്മൂട്ടി മലയാളത്തില്‍ നടനായി അരങ്ങേറുന്നത്. കൃത്യമായി പറഞ്ഞതാല്‍ 1980 ല്‍ റിലീസ് ചെയ്ത 'വില്‍ക്കാനുണ്ട് സ്വപ്നങ്ങള്‍' എന്ന സിനിമയിലൂടെ. തന്റെ ആത്മകഥയായ 'ചമയങ്ങളില്ലാതെ' എന്ന പുസ്തകത്തില്‍ അനുഭവങ്ങള്‍ പാളിച്ചകളാണ് തന്റെ വെള്ളിത്തിരയിലേക്കുള്ള അരങ്ങേറ്റം സാധ്യമാക്കിയതെന്ന് മമ്മൂട്ടി കുറിച്ചിട്ടുണ്ട്. 

Share this Story:

Follow Webdunia malayalam

അടുത്ത ലേഖനം

കിടിലന്‍ ലുക്കില്‍ അനാര്‍ക്കലി, ശ്രദ്ധ നേടി ചിത്രങ്ങള്‍