'ഹാപ്പി ബെര്‍ത്ത് ഡേ സുചി'; ഭാര്യയ്ക്ക് ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍
കുടുംബമൊന്നിച്ച് മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം മകള്‍ വിസ്മയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
ഭാര്യ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസകള്‍ നേര്‍ന്ന് മോഹന്‍ലാല്‍. പ്രിയപ്പെട്ട സുചിക്ക് പിറന്നാള്‍ ആശംസകള്‍, എന്ന കുറിപ്പിനോടൊപ്പമാണ് ഇരുവരുടെയും ചിത്രം മോഹന്‍ലാല്‍ സാമൂഹികമാധ്യമങ്ങളില്‍ പങ്കുവച്ചത്. ചിത്രത്തിന് താഴെ സുചിത്രയ്ക്ക് പിറന്നാള്‍ ആശംസയുമായി നിരവധി പേരാണ് എത്തിയത്. മേയ് 21-നായിരുന്നു മോഹന്‍ലാലിന്റെ പിറന്നാള്‍. കുടുംബമൊന്നിച്ച് മോഹന്‍ലാലിന്റെ പിറന്നാള്‍ ആഘോഷിക്കുന്ന ചിത്രം മകള്‍ വിസ്മയ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു.
സിനിമാകുടുംബത്തിൽ നിന്നുള്ളയാളാണ് സുചിത്ര. അന്തരിച്ച തമിഴ് നടനും നിർമ്മാതാവുമായ കെ. ബാലാജിയുടെ മകളാണ് സുചിത്ര. 1988 ഏപ്രിൽ 28-നാണ് മോഹൻലാലും സുചിത്രയും വിവാഹിതരായത്. തമിഴ് നിർമാതാവ് കെ. ബാലാജിയുടെ മകളായ സുചിത്ര, മോഹൻലാലിനെ സിനിമയിൽ കണ്ട നാൾ മുതൽ ആരാധികയായിരുന്നു. പിന്നീട് കുടുംബ സുഹൃത്ത് വഴി പരിചയം പുതുക്കുകയും, അദ്ദേഹത്തിന്റെ വീട്ടിൽ വച്ച് കൂടിക്കാഴ്ച നടത്തുകയും വിവാഹം നടക്കുകയുമായിരുന്നു.
'മഞ്ഞിൽ വിരിഞ്ഞ പൂക്കൾ' സിനിമയിൽ കാണുമ്പോൾ സുചിത്ര മോഹൻലാലിനെ വെറുത്തിരുന്നു എന്ന് പറഞ്ഞിട്ടുണ്ട്. ആ വെറുപ്പിന് കാരണം അദ്ദേഹത്തിന്റെ വില്ലൻ വേഷമായിരുന്നു എന്ന് സുചിത്ര എടുത്ത് പറഞ്ഞിരുന്നു. അത്രയും സ്വാഭാവികമായി ആ വേഷം ചെയ്യാൻ കഴിഞ്ഞതിനാലാണ് അത്രയും വെറുപ്പ് ആ കഥാപാത്രത്തോട് തോന്നിയതത്രേ. 'എന്റെ മാമാട്ടിക്കുട്ടിയമ്മയ്ക്ക്' എന്ന ചിത്രം കണ്ടതും മോഹൻലാലിനോട് ഇഷ്‌ടം തോന്നിത്തുടങ്ങി എന്ന് സുചിത്ര. പതിയേ ഇഷ്‌ടം പ്രണയമാവുകയും, സുചിത്ര മോഹൻലാലിനെ വിവാഹം ചെയ്യുകയുമായിരുന്നു.