Publish Date: Tue, 18 Aug 2020 (22:10 IST)
Updated Date: Tue, 18 Aug 2020 (21:48 IST)
ഫ്രൈഡേ ഫിലിംസിന്റെ അടുത്ത ചിത്രത്തിൽ നടൻ ഇന്ദ്രൻസ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കും. നടനും നിർമ്മാതാവുമായ വിജയ് ബാബുവാണ് ഇക്കാര്യം അറിയിച്ചത്. 'ഫിലിപ്സ് ആന്റ് ദ മങ്കിപെൻ' എന്ന ചിത്രത്തിൻറെ സംവിധായകരിലൊരാളായ റോജിൻ തോമസാണ് ഈ സിനിമയ്ക്ക് തിരക്കഥയൊരുക്കി സംവിധാനം ചെയ്യുന്നത്. ഓണം കഴിഞ്ഞയുടനെ ഷൂട്ടിംഗ് ആരംഭിക്കും എന്നാണ് വിജയ് ബാബു ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്. നീൽ ഡി കുഞ്ഞ ചായാഗ്രഹണവും രാഹുൽ സുബ്രഹ്മണ്യൻ സംഗീത വിഭാഗവും കൈകാര്യം ചെയ്യും.
ഡോ. ബിജു സംവിധാനം ചെയ്ത ‘വെയിൽ മരങ്ങൾ’ എന്ന ചിത്രത്തിലെ അഭിനയത്തിന് സിംഗപ്പൂർ സൗത്ത് ഏഷ്യൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ മികച്ച നടനുള്ള പുരസ്കാരം അടുത്തിടെ ഇന്ദ്രൻസ് നേടിയിരുന്നു.