ഹണി റോസ് നായികയായെത്തുന്ന പുതിയ ചിത്രമാണ് റേച്ചൽ. കഴിഞ്ഞ ദിവസമാണ് ചിത്രത്തിന്റെ ട്രെയിലർ പുറത്തിറങ്ങിയത്. റേച്ചൽ എന്ന ടൈറ്റിൽ കഥാപാത്രമായാണ് ഹണി റോസ് ചിത്രത്തിലെത്തുന്നത്. ഹണി ഇതുവരെ ചെയ്തിട്ടുള്ള കഥാപാത്രങ്ങളിൽ നിന്ന് വളരെ വ്യത്യസ്തമാർന്ന വേഷമായിരിക്കും റേച്ചലിലേതെന്ന് ട്രെയ്‌ലറിൽ വ്യക്തമാണ്.
കഴിഞ്ഞ ദിവസം ചിത്രത്തിന്റെ ട്രെയ്‌ലർ ലോഞ്ച് പരിപാടിയിൽ ഹണി പറഞ്ഞ വാക്കുകളാണിപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധേയമാകുന്നത്. "എന്നെ സംബന്ധിച്ചിടത്തോളം എനിക്ക് എന്തെങ്കിലുമൊക്കെ ചെയ്യാൻ പറ്റുന്ന സിനിമ ചെയ്യാനാണ് എനിക്ക് ആഗ്രഹം. പത്തിരുപത് വർഷമായിട്ടും മലയാള സിനിമയ്ക്ക് എന്നെ ആവശ്യമുണ്ടോ എന്ന് ചോദിച്ചാൽ ഒരാവശ്യവുമില്ല.
ഞാൻ കടിച്ചു തൂങ്ങി പിടിച്ചു നിൽക്കുന്ന ഒരാളാണ് ഇത്രയും വർഷമായിട്ടും. എന്നെ സംബന്ധിച്ച് എനിക്ക് ഒത്തിരി കഥാപാത്രങ്ങൾ വരണമെന്നില്ല. വരുന്നതിൽ നിന്ന് ഏറ്റവും നല്ലത് തിരഞ്ഞെടുത്ത് ചെയ്യണമെന്നാണ് ആഗ്രഹിക്കുന്ന അതിന് വേണ്ടി പ്രാർഥിക്കുന്ന ഒരാളാണ് ഞാൻ. അതെന്റെ ഒരു പാഷൻ കൂടിയാണ്".- ഹണി റോസ് പറഞ്ഞു.