പടത്തിന് പേര് ‘ഇക്ക’, പക്ഷേ മമ്മൂട്ടിയുമായി ഒരു ബന്ധവുമില്ല - നായകന്‍ അക്ഷയ് കുമാര്‍ !

ചൊവ്വ, 30 ജൂലൈ 2019 (19:36 IST)
കലാമൂല്യമുള്ള സിനിമകളും തട്ടുപൊളിപ്പന്‍ ചിത്രങ്ങളും ഒരുപോലെ ചെയ്യുന്ന സൂപ്പര്‍സ്റ്റാറാണ് അക്ഷയ്കുമാര്‍. യഥാര്‍ത്ഥ സംഭവങ്ങളെയും യഥാര്‍ത്ഥ വ്യക്തികളെയും ആസ്പദമാക്കിയുള്ള ഒരുപിടി റിയലിസ്റ്റിക് ചിത്രങ്ങള്‍ക്ക് ശേഷം അക്ഷയ്കുമാര്‍ തന്‍റെ പഴയ തട്ടകമായ ആക്ഷന്‍ ചിത്രങ്ങളിലേക്ക് മടങ്ങുകയാണ്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന ‘സൂര്യവംശി’യാണ് അതിലെ ആദ്യത്തെ സിനിമ. ഫര്‍ഹദ് സംജിയുടെ ‘ബച്ചന്‍ പാണ്ഡേ’ തുടര്‍ന്നെത്തുന്നു.
 
ഏറ്റവും പുതിയ ന്യൂസ്, ദളപതി വിജയ് തകര്‍പ്പന്‍ ഹിറ്റാക്കിയ ‘കത്തി’യുടെ ഹിന്ദി റീമേക്കിലും അക്ഷയ്കുമാര്‍ നായകനാകുന്നു എന്നതാണ്. ഉടന്‍ റിലീസാകുന്ന അക്ഷയ് ചിത്രം ‘മിഷന്‍ മംഗള്‍’ സംവിധാനം ചെയ്ത ജഗന്‍ ശക്തിയാണ് കത്തിയുടെ റീമേക്കും സംവിധാനം ചെയ്യുന്നത്. ‘ഇക്ക’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. ഒരുനിമിഷം മമ്മൂട്ടി ആരാധകര്‍ക്ക് ഒരു കോരിത്തരിപ്പ് ഉണര്‍ന്നേക്കാം, എന്നാല്‍ ശ്രദ്ധിക്കുക - ഈ സിനിമയ്ക്ക് മമ്മൂട്ടിയുമായി ബന്ധമൊന്നുമില്ല.
 
കത്തിയില്‍ വിജയ് അനശ്വരമാക്കിയ ഡബിള്‍ റോളിലാണ് അക്ഷയ് കുമാറും എത്തുന്നത്. ചിത്രത്തിന്‍റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ പ്രഖ്യാപിക്കും.
 
എ ആര്‍ മുരുഗദോസ് സംവിധാനം ചെയ്ത ‘കത്തി’ 2014ലാണ് പുറത്തിറങ്ങിയത്. കോര്‍പ്പറേറ്റ് ജയന്‍റുകള്‍ക്കെതിരായി തമിഴ്നാടന്‍ ഗ്രാമങ്ങളിലെ കര്‍ഷകര്‍ നടത്തുന്ന പോരാട്ടങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു ആ സിനിമ എത്തിയത്. മെഗാഹിറ്റായ സിനിമ ഏറെ നിരൂപകപ്രശംസയും ഏറ്റുവാങ്ങി.
 
എ ആര്‍ മുരുഗദോസിന്‍റെ അസോസിയേറ്റായിരുന്ന ജഗന്‍ ശക്തിയാണ് ഇപ്പോള്‍ കത്തിയുടെ റീമേക്ക് ചെയ്യുന്നത് എന്നതും പ്രത്യേകതയാണ്. 

വെബ്ദുനിയ വായിക്കുക

അടുത്ത ലേഖനം ‘ഇത് മര്യാദയല്ല, പറയാൻ എനിക്ക് സൌകര്യമില്ല’- പൊട്ടിത്തെറിച്ച് അനുഷ്ക ശർമ