അടുത്തിടെ വമ്പന്‍ ഹൈപ്പിലെത്തി ബോക്‌സോഫീസില്‍ പരാജയപ്പെട്ട സിനിമയാണ് കമല്‍ഹാസന്‍- ശങ്കര്‍ സിനിമയായ ഇന്ത്യന്‍ 2. ജൂലൈ 12ന് റിലീസ് ചെയ്ത സിനിമയ്ക്ക് ആദ്യ ദിനം തന്നെ മോശം അഭിപ്രായങ്ങള്‍ ലഭിച്ചതോടെയാണ് ബോക്‌സോഫീസില്‍ കാര്യമായ നേട്ടമുണ്ടാക്കാനാവാതെ സിനിമ പരാജയപ്പെട്ടത്. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെ സിനിമയുടെ ദൈര്‍ഘ്യം കുറച്ചുവെങ്കിലും ഇതൊന്നും തന്നെ സിനിമയ്ക്ക് തുണയായില്ല.
ഇപ്പോഴിതാ ഓഗസ്റ്റ് 15ന് ഒടിടി റിലീസാകാനിരുന്ന സിനിമയുടെ ഒടിടി റിലീസ് വൈകുമെന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. ബ്രഹ്മാണ്ഡ സിനിമയെന്ന ലേബലില്‍ എല്ലാ ഭാഷകളിലുമായി 150 കോടിയോളം മുടക്കി ഒടിടി ഭീമന്മാരായ നെറ്റ്ഫ്‌ളിക്‌സാണ് സിനിമയുടെ സ്ട്രീമിംഗ് അവകാശം എടുത്തിരുന്നത്. എന്നാല്‍ ബോക്‌സോഫീസില്‍ സിനിമ തകര്‍ന്നടിഞ്ഞതില്‍ നെറ്റ്ഫ്‌ളിക്‌സ് നിരാശരാണെന്നാണ് വിവരങ്ങള്‍. അതിനാല്‍ തന്നെ അഡ്വാന്‍സ് തുകയായി നല്‍കിയ 75 കോടി തിരികെ ആവശ്യപ്പെട്ടിരിക്കുകയാണ് നെറ്റ്ഫ്‌ളിക്‌സ് അധികൃതര്‍. ഓഗസ്റ്റ് 2 നാണ് ആദ്യം സിനിമയുടെ റിലീസ് പ്ലാന്‍ ചെയ്തിരുന്നതെങ്കിലും പല കാരണങ്ങള്‍ കൊണ്ട് റിലീസ് നീളുകയായിരുന്നു.