കഴിഞ്ഞ ദിവസമാണ് മുംബൈ നഗരത്തെ ഞെട്ടിച്ച് കൊണ്ട് ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ മുംബൈ ബാന്ദ്ര പോലീസ് സ്‌റ്റേഷന്‍ പരിധിയിലെ വീടിനെ നേരെ വെടിവെപ്പുണ്ടായത്. പുലര്‍ച്ചെ 4:55ഓടെ നടന്റെ വീടീന് മുന്നിലേക്ക് ബൈക്കിലെത്തിയ രണ്ടുപേര്‍ ആകാശത്തേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സംഭവത്തിന്റെ പശ്ചാത്തലത്തില്‍ നടന്റെ വീടിന് പുറത്തും പരിസരത്തും പോലീസ് കനത്ത കാവലേര്‍പ്പെടുത്തിയിരിക്കുകയാണ്.
സംഭവത്തിന്റെ ഉത്തരവാദിത്വം അധോലോക നേതാവ് ലോറന്‍സ് ബിഷ്‌ണോയിയുടെ സഹോദരനായ അന്‍മോല്‍ ബിഷ്‌ണോയി ഏറ്റെടുത്തു. ഇതിനെ തമാശയായി കാണരുതെന്നും അവസാന താക്കീതായി വേണം കാണാനെന്നും അല്‍മോല്‍ ബിഷ്‌ണോയി സമൂഹമാധ്യമങ്ങളില്‍ കുറിച്ചു. ഇനി വെടിവെയ്പ്പ് കാണാന്‍ പോകുന്നത് സല്‍മാന്റെ വീട്ടിലാണെന്നും ഇയാള്‍ കുറിച്ചു. ഒരു വര്‍ഷക്കാലത്തിന് മുകളിലായി ലോറന്‍സ് ബിഷ്‌ണോയിയുടെ സംഘം സല്‍മാന്‍ ഖാന് പിന്നാലെയാണ്. 1998ല്‍ സല്‍മാന്‍ ഖാന്‍ രാജസ്ഥാനില്‍ ഒരു സിനിമയുടെ ചിത്രീകരണം നടക്കുന്നതിനിടെ 2 കൃഷ്ണമൃഗങ്ങളെ വേട്ടയാടിയതിനെ തുടര്‍ന്നാണ് ലോറന്‍സ് ബിഷ്‌ണോയി നടനെ വകവരുത്താന്‍ ശ്രമിക്കുന്നത്.
കൃഷ്ണമൃഗ വേട്ടയില്‍ സല്‍മാനൊപ്പം ബോളിവുഡ് താരങ്ങളായ സെയ്ഫ് അലി ഖാന്‍,നീലം കോത്താരി,സൊനാലി ബേന്ദ്ര,തബു എന്നിവരും ഉണ്ടായിരുന്നു. ബിഷ്‌ണോയി സമൂഹം കൃഷ്ണമൃഗത്തെ പരിപാവനമായാണ് കരുതുന്നത്. തങ്ങളുടെ ഗുരുവായ ജംബാജിയുടെ പുനര്‍ജന്മമായാണ് ഇവര്‍ കൃഷ്ണമൃഗത്തെ കരുതുന്നത്. പക്ഷിമൃഗാദികളെ വേട്ടയാടുന്നതും കൊലപ്പെടുത്തുന്നതും പാപമായാണ് ബിഷ്‌ണോയി സമൂഹം കരുതുന്നത്. അതിനാല്‍ തന്നെ വന്യമൃഗങ്ങളെ വേട്ടയാടിയ കേസുകളില്‍ പ്രതികള്‍ക്ക് പരമാവധി ശിക്ഷ ലഭിക്കാന്‍ ബിഷ്‌ണോയികള്‍ ഇടപെടല്‍ നടത്താറുണ്ട്.
1998ല്‍ നടന്ന കൃഷ്ണമൃഗ വേട്ടയില്‍ സല്‍മാന്‍ ഖാന്‍ കുറ്റക്കാരനാണെന്ന് 2018ല്‍ കോടതി വിധിച്ചിരുന്നു. വന്യജീവി സംരക്ഷണ നിയമപ്രകാരം 5 വര്‍ഷം തടവും 10,000 രൂപ പിഴയുമാണ് ജോഷ്പൂര്‍ കോടതി ശിക്ഷ വിധിച്ചത്. കേസിലെ മറ്റ് പ്രതികളെ കോടതി വെറുതെ വിടുകയും ചെയ്തു.സല്‍മാന് പിന്നീട് ജാമ്യം ലഭിച്ച സാഹചര്യത്തിലാണ് കൃഷ്ണമൃഗത്തെ കൊന്നതിന് സല്‍മാനോട് പകരം ചോദിക്കുമെന്ന് ലോറന്‍സ് ബിഷ്‌ണോയി പ്രഖ്യാപിച്ചത്. ലോറന്‍സ് ബിഷ്‌ണോയില്‍ നിന്നും വധഭീഷണി വന്നതിന് പിന്നാലെ സല്‍മാന്‍ ഖാന്റെ സുരക്ഷ വൈ പ്ലസ് കാറ്റഗറിയിലേക്ക് മാറ്റിയിരുന്നു.