മലയാളികൾക്ക് കോമഡി താരമെന്ന നിലയിൽ ഏറെ പ്രിയങ്കരനായ താരമാണ് ജഗദീഷ്. 90 കളിലെ കോമഡി വേഷങ്ങളിൽ നിന്നും ലീലയിലൂടെയും റോഷാക്കിലൂടെയും ട്രാക്ക് മാറ്റി മലയാളികളെ അമ്പരപ്പിച്ചിരിക്കുകയാണ് താരം ഇപ്പോൾ. സിനിമയിൽ കത്തിനിൽക്കുന്ന സമയത്ത് നിരവധി ചിത്രങ്ങളിൽ ജഗദീഷ് നായകനായി എത്തിയിട്ടുണ്ട്.കൊമേഡിയൻ എന്ന നിലയിൽ നിന്നും ഹീറോയിലേക്കുള്ള ഈ ചുവട് വെപ്പിനെ പറ്റി താരം തുറന്ന് പറയുന്നത് ഇങ്ങനെയാണ്.
നാൽപ്പതോളം സിനിമകളിൽ ഞാൻ നായകനായി അഭിനയിച്ചിട്ടുണ്ട്. അതിൽ തന്നെ ഉർവശിയോടൊപ്പം നിരവധി സിനിമകളിൽ നായകനായി. ഞാനൊരു കൊമേഡിയൻ മാത്രമാണെന്ന ബോധ്യമാണ് ആ സമയത്ത് എനിക്കുണ്ടായിരുന്നത്. എന്നാൽ അങ്ങനെയല്ല നിങ്ങൾക്ക് ഒരു ഹീറോയാകാൻ കഴിയും എന്ന ആത്മവിശ്വാസം നൽകിയത് ഉർവശിയാണ്.
കാരണം അവർ അന്ന് ഇൻഡസ്ട്രിയിൽ ഏറ്റവും മുന്നിൽ നിൽക്കുന്ന നായികയാണ്. കമൽ ഹാസൻ,മമ്മൂട്ടി, മോഹൻലാൽ എന്നിവരുടെയെല്ലാം നായികയായി ജഗദീഷിൻ്റെ നായികയായി വരുമ്പോൾ ഇൻഡസ്ട്രിയിൽ മുഴുവൻ സംസാരമായിരുന്നു. ഉർവശി താഴോട്ട് പോയി. ജഗദീഷിൻ്റെ ഹീറോയിനായി എന്നായിരുന്നു അടക്കംപറച്ചിൽ. എന്നാൽ ആ സമയത്ത് അതൊന്നും മൈൻഡ് ചെയ്യാതെ എൻ്റെ ഹീറോയിനായി 6-7 സിനിമകളിൽ ഉർവശി അഭിനയിച്ചു. അതിൽ എനിക്ക് വലിയ കടപ്പാടാണ് അവരോടുള്ളത്. ജഗദീഷ് പറഞ്ഞു.
എൻ്റെയും ശ്രീനിവാസൻ്റെയുമെല്ലാം നായികയായി അഭിനയിച്ചതിൻ്റെ പേരിൽ അന്ന് ഉർവശിയെ നിരവധി പേർ പരിഹസിച്ചിട്ടുണ്ട്. എന്തിനാ സൂപ്പർ സ്റ്റാർസിൻ്റെ നായികയായി നിൽക്കുമ്പോൾ ഇവർക്കൊപ്പം അഭിനയിക്കുന്നത് എന്നായിരുന്നു അവർ ചോദിച്ചിരുന്നത്. ജഗദീഷ് പറയുന്നു.