2003 ലായിരുന്നു രവിയുടെ സിനിമാ അരങ്ങേറ്റം. ജയം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയിൽ എത്തിയ അദ്ദേഹം അങ്ങനെ, 'ജയം രവി' ആയി. തുടക്കകാലങ്ങളിൽ റൊമാന്റിക് ഹീറോ പരിവേഷമായിരുന്നു നടന്. പിന്നീട് വ്യത്യസ്ത വേഷങ്ങൾ ചെയ്ത് പൊന്നിയൻ സെൽവനിൽ വരെ എത്തി നിൽക്കുന്നു. ജയം രവിയുടെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് തനി ഒരുവൻ. ജയം രവി നായകനായി അരവിന്ദ് സ്വാമി വില്ലനായ ചിത്രത്തിൽ നയൻതാര ആയിരുന്നു നായിക. ജയം രവിയുടെ സഹോദരനും സംവിധായകനുമായ മോഹൻരാജയായിരുന്നു ചിത്രം സംവിധാനം ചെയ്തത്.
2015 ൽ റിലീസ് ആയ ചിത്രത്തിന് ഇന്നും ആരാധകരുണ്ട്. അരവിന്ദ് സ്വാമി തിരിച്ചുവരവ് നടത്തിയ ചിത്രം കൂടിയായിരുന്നു തനി ഒരുവൻ. അരവിന്ദ് സ്വാമിയുടെ വില്ലൻ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്റെ വൻ വിജയത്തിന് ശേഷം, രണ്ടാം ഭാഗം വരുന്നുണ്ടെന്ന് അണിയറ പ്രവർത്തകർ അറിയിച്ചിരുന്നു. വർഷങ്ങൾ കഴിഞ്ഞെങ്കിലും സിനിമ ഉപേക്ഷിച്ചിട്ടില്ലെന്നും, രണ്ടാം ഭാഗത്തിനായുള്ള വർക്കുകൾ നടന്നുകൊണ്ടിരിക്കുകയാണെന്നും ജയം രവി പറയുന്നു.
'ആദ്യ ഭാഗത്തിന്റെ സ്ക്രിപ്റ്റ് വായിച്ചപ്പോൾ തന്നെ അതിൽ പത്ത് സിനിമയ്ക്കുള്ള കഥ ഉണ്ടെന്ന് എനിക്ക് തോന്നിയിരുന്നു. അക്കാര്യം ഞാൻ ചേട്ടനോട് പറയുകയും ചെയ്തു. അത്തരമൊരു സിനിമയ്ക്ക് രണ്ടാം ഭാഗം ചെയ്യുമ്പോൾ വളരെ കാര്യങ്ങൾ ശ്രദ്ധിക്കാനുണ്ട്. സ്ക്രിപ്റ്റ് പൂർത്തിയാകുന്നു. അടുത്ത വർഷം പകുതിയോടെ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിക്കും', ജയം രവി പറഞ്ഞു.