മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് ജയറാം. കുടുംബപ്രേക്ഷകര്‍ക്ക് ഏറെ സ്വീകാര്യനായ ജയറാം മലയാള സിനിമയ്ക്ക് ഒടേറെ ഹിറ്റ് ചിത്രങ്ങള്‍ സമ്മാനിച്ച താരമാണ്. എന്നാല്‍ ഏറെക്കാലമായി മലയാള സിനിമയ്ക്ക് ഒരു ഹിറ്റ് ചിത്രം സമ്മാനിക്കാന്‍ താരത്തിനായിട്ടില്ല. മിഥുന്‍ മാനുവല്‍ ജോസ് സംവിധാനം ചെയ്യുന്ന എബ്രഹാം ഓസ്ലര്‍ എന്ന സിനിമയിലൂടെ ഒരു തകര്‍പ്പന്‍ തിരിച്ചുവരവിന് ഒരുങ്ങുകയാണ് താരം. ചിത്രത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയും ഒരു സുപ്രധാന റോളില്‍ എത്തുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ധ്രുവം,അര്‍ഥം, കനല്‍ക്കാറ്റ് എന്നീ സിനിമകളിലൂടെ പല തവണ ഇരു താരങ്ങളും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. എന്നാല്‍ മമ്മൂട്ടിയുടെ ഹിറ്റ് ചിത്രങ്ങളിലൊന്നായ ഭാസ്‌കര്‍ ദ റാസ്‌കല്‍ എന്ന സിനിമയിലെ വേഷം ജയറാം നിരസിക്കുകയും ചെയ്തിട്ടുണ്ട്. ചിത്രത്തിലെ വില്ലന്‍ വേഷത്തിലേക്കായിരുന്നു സംവിധായകന്‍ സിദ്ദിഖ് ജയറാമിനെ പരിഗണിച്ചത്. നയന്‍താരയായിരുന്നു ചിത്രത്തില്‍ മമ്മൂട്ടിയുടെ നായിക. നയന്‍താരയുടെ ആദ്യ ഭര്‍ത്താവിന്റെ വേഷമായിരുന്നു ജയറാമിന് ഓഫര്‍ ചെയ്തത്. ജയറാമിനെ ഉപയോഗിച്ച് ഒരു കുടുംബചിത്രം എന്ന നിലയില്‍ സിനിമ കൊണ്ടുപോകാനാണ് പദ്ധതിയിട്ടത്. നന്നായി ജീവിച്ചിരുന്നവര്‍ എന്നാല്‍ എന്തോ കാരണം മൂലം തെറ്റിപോകുകയും പിന്നീട് ജീവിതത്തിലേക്ക് തിരികെ വരികയും ചെയ്യുന്നു എന്ന തരത്തില്‍ ഒരു ഡ്രാമ ചെയ്യാമെന്നായിരുന്നു സിദ്ദിഖിന്റെ കണക്കുകൂട്ടല്‍. എന്നാല്‍ ആ വേഷം ചെയ്യാന്‍ ജയറാം തയ്യാറായില്ല.
അങ്ങനെയാണ് ചിത്രത്തിന്റെ കഥയില്‍ മാറ്റം വരുത്തി മാഫിയ തലവനായ ഭര്‍ത്താവ് എന്ന രീതിയില്‍ കഥ മാറുന്നത്. ജയറാം സിനിമയില്‍ ഉണ്ടായിരുന്നെങ്കില്‍ സിനിമ മറ്റൊരു ട്രാക്കില്‍ ആയേനെ. സഫാരി ടിവിയിലെ ചരിത്രം എന്നിലൂടെ എന്ന പരിപാടിയില്‍ സംവിധായകന്‍ സിദ്ദിഖ് പറഞ്ഞു.