Vinayakan v/s Joy Mathew: 'വിനായകന്റെ കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടതല്ലേ?': പരിഹസിച്ച് ജോയ് മാത്യു
താൻ ഫേസ്‌ബുക്കിൽ പങ്കുവെച്ചത് ആധുനിക കവിതയാണെന്ന് നടൻ ന്യായീകരിച്ചു.
മുൻ മുഖ്യമന്ത്രി വി എസ് അച്യുതാനന്ദന്റെ മരണത്തിന് പിന്നാലെ നടൻ വിനായകൻ സോഷ്യൽ മീഡിയയിൽ പങ്കുവച്ച അധിക്ഷേപ പോസ്റ്റുകൾ ഏറെ വിവാദമായിരുന്നു. നടനെതിരെ രാഷ്ട്രീയ പാർട്ടികളും പ്രമുഖരും രംഗത്ത് വന്നിരുന്നു. വിമർശനങ്ങൾക്ക് പിന്നാലെ, താൻ ഫേസ്‌ബുക്കിൽ പങ്കുവെച്ചത് ആധുനിക കവിതയാണെന്ന് നടൻ ന്യായീകരിച്ചു.
ഇപ്പോഴിതാ, വിനായകന്റെ വിശദീകരണത്തെ പരിഹസിച്ച് ജോയ് മാത്യു. വിനായകന്റെ കവിത പാഠപുസ്തകത്തിൽ ഉൾപ്പെടുത്തേണ്ടതല്ലേ എന്നായിരുന്നു ജോയ് മാത്യുവിന്റെ പരിഹാസം. കവിത കണ്ടെത്തിയ ഇൻസ്പക്ടറദ്ദേഹത്തിന്റെ കാവ്യഭാവനയെ തിരിച്ചറിഞ്ഞ് മേപ്പടിയാനെ പാഠപുസ്തക കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടതല്ലേ എന്നും ഫെയ്സ്ബുക്ക് പോസ്റ്റിലൂടെ ജോയ് മാത്യു ചോദിച്ചു. നി
'വേടൻ്റെ കവിത പ്രൈമറി ക്ലാസുകൾക്കും, വിനായകൻ്റെ കവിത ഹൈ സ്കൂൾ വിഭാഗവും പഠിക്കട്ടെ', 'മഴ, കട്ടൻ ചായ, വിനായകന്റെ കവിത...ആഹാ'- എന്നൊക്കെയാണ് ജോയ് മാത്യുവിന്റെ പോസ്റ്റിന് താഴെ നിറയുന്ന കമന്റുകൾ. വിഎസ് അച്യുതാനന്ദന്റെ അനുസ്മരണത്തിന് വിനായകനെത്തിയതിന് സൈബർ ആക്രമണം നേരിട്ടിരുന്നു.
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ മരണത്തെത്തുടർന്ന് വിനായകൻ നടത്തിയ അധിക്ഷേപപരാമർശം ചൂണ്ടിക്കാട്ടിയിരുന്നു സൈബറിടത്തിൽ വിമർശനങ്ങളുയർന്നത്. ഇതിനോട് പ്രതികരിച്ച വിനായകൻ, മഹാത്മാഗാന്ധി, ജവഹർലാൽ നെഹ്‌റു, ഇന്ദിര ഗാന്ധി, രാജീവ് ഗാന്ധി, കെ കരുണാകരൻ, ജോർജ് ഈഡൻ എന്നിവരെ പേരെടുത്തു പറഞ്ഞ് അധിക്ഷേപിക്കുന്ന പോസ്റ്റ് ഫെയ്‌സ്ബുക്കിൽ പങ്കുവെച്ചു.