സൂപ്പര്‍സ്റ്റാര്‍ രജനികാന്തിന്‍റെ പുതിയ സിനിമ ‘കാല’ വന്‍ പ്രതിസന്ധിയില്‍. ചിത്രം കര്‍ണാടകത്തില്‍ റിലീസ് ചെയ്യുന്നതിന് വിലക്ക് വന്നിരിക്കുന്നു. മാത്രമല്ല, ആന്ധ്രയില്‍ ചിത്രം വിതരണത്തിനെടുക്കാന്‍ ആളില്ലെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. രജനികാന്തിന്‍റെ രാഷ്ട്രീയപ്രവേശനം ചിത്രത്തിന് വിനയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
കാവേരി വിഷയത്തില്‍ കര്‍ണാടകത്തിനെതിരായ നിലപാടാണ് രജനികാന്ത് സ്വീകരിച്ചതെന്ന് ആരോപിച്ചാണ് ‘കാല’യ്ക്ക് കര്‍ണാടകത്തില്‍ കന്നഡ സംഘടനകള്‍ വിലക്കേര്‍പ്പെടുത്തിയിരിക്കുന്നത്. കര്‍ണാടകയിലെ വിതരണക്കാരും തിയേറ്റര്‍ ഉടമകളും ‘കാല’യുടെ അണിയറ പ്രവര്‍ത്തകരുമായി ബന്ധപ്പെടരുതെന്നാണ് നിര്‍ദ്ദേശം.
മാത്രമല്ല, കന്നഡ സംഘടനകളുടെ പരാതികള്‍ ഫിലിം ചേംബര്‍ ഓഫ് കൊമേഴ്സിനും ലഭിച്ചിട്ടുണ്ട്. രജനികാന്ത് രാഷ്ട്രീയത്തില്‍ പ്രവേശിച്ചതിന് ശേഷമാണ് കര്‍ണാടകയ്ക്കെതിരെ ശക്തമായ നിലപാടെടുത്തതെന്നാണ് സംഘടനകള്‍ ആരോപിക്കുന്നത്.
തമിഴ്നാട്ടില്‍ പോലും ‘കാല’യ്ക്കെതിരായ രാഷ്ട്രീയ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന. ജൂണ്‍ ഏഴിനാണ് പാ രഞ്ജിത് സംവിധാനം ചെയ്യുന്ന ഈ അധോലോക ത്രില്ലര്‍ റിലീസ് ചെയ്യുന്നത്. ചിത്രത്തിന്‍റെ വിധിയെന്താകുമെന്ന് കാത്തിരുന്ന് കാണാം.