ഫിസിക്കലി വീക്ക് ആയിരുന്നതുകൊണ്ട് താൻ ഒരുപാട് കളിയാക്കലുകൾ നേരിട്ടിട്ടുണ്ടെന്ന് തുറന്നു പറഞ്ഞ് നടി കല്യാണി പ്രിയദർശൻ. ഡൊമിനിക് അരുൺ സംവിധാനം ചെയ്ത ലോകയിലെ ചന്ദ്ര എന്ന കഥാപാത്രം ചെയുമ്പോൾ തന്റെ ധാരണകൾ മാറിയെന്നും ആക്ഷൻ സീനുകൾ നന്നായി ചെയ്യാൻ കഴിഞ്ഞത് കോച്ചിങ്ങിന്റെ ഗുണം കാരണമാണെന്നും കല്യാണി കൂട്ടിച്ചേർത്തു. രേഖ മേനോന് നൽകിയ അഭിമുഖത്തിലാണ് നടി ഇക്കാര്യങ്ങൾ പറഞ്ഞത്.
'ചന്ദ്ര എന്ന കഥാപാത്രം ചെയ്യുമ്പോൾ എനിക്ക് എന്നെ പറ്റിയുള്ള ധാരണകൾ തന്നെ മാറി. ശാരീരികമായിട്ടുള്ള ഫിറ്റ്നസ്സ് മാത്രമല്ല മാനസികമായും, ഞാൻ ഒട്ടും അത്ലറ്റിക് അല്ലായിരുന്നു. ഫിസിക്കലി വീക്ക് ആയിരുന്നതുകൊണ്ട് ഞാൻ ഒരുപാട് കളിയാക്കലുകൾ നേരിട്ടുണ്ട്. ഇപ്പോൾ ഇങ്ങനൊരു കഥാപാത്രമൊക്കെ ചെയ്യാൻ കാരണം എന്റെ കോച്ചാണ്. എന്റെ ആക്ഷൻ സ്റ്റൈൽ നന്നാക്കാൻ വേണ്ടിയാണ് ഞാൻ കോച്ചിങ്ങിന് പോയത്. ആക്ഷൻ സീൻസ് ഷൂട്ട് ചെയ്യാൻ തുടങ്ങിയപ്പോൾ എനിക്ക് മനസിലായി അതിന്റെ ഗുണം', കല്യാണി പറഞ്ഞു.
അതേസമയം, തിയേറ്ററുകളിൽ വലിയ സ്വീകാര്യത നേടി മുന്നേറുകയാണ് ദുൽഖർ സൽമാൻ നിർമിച്ച് കല്യാണി പ്രിയദർശൻ നായികയായി എത്തിയ ലോക. ഡൊമിനിക് അരുൺ സംവിധാനം ചെയ്തിരിക്കുന്ന ചിത്രം മലയാളത്തിലെ ആദ്യ സൂപ്പർഹീറോ യൂണിവേഴ്‌സിന് തുടക്കം കുറിച്ചിരിക്കുകയാണ്. കേരളത്തിൽ ചിത്രത്തിന്റെ പ്രദർശനം കൂടുതൽ തിയേറ്ററുകളിലേക്ക് വ്യാപിച്ചതിന് പിന്നാലെ ഇപ്പോൾ തെലുങ്ക് പതിപ്പിനും സ്വീകാര്യതയേറുകയാണ്. ചിത്രത്തിന്റെ തെലുങ്ക് വേർഷൻ ബുക്കിംഗ് ആപ്പുകളിൽ ട്രെൻഡിങ്ങായി കഴിഞ്ഞു.