സെൻസർ ചെയ്‌ത ചിത്രങ്ങൾ വീണ്ടും പരിശോധിക്കാൻ സർക്കാരിന് അധികാരം നൽകുന്ന സിനിമാട്ടോഗ്രാഫ് നിയമ ഭേദഗതി ചെയ്യാനുള്ള തീരുമാനത്തിന് കയ്യടിച്ച് നടി കങ്കണ റണാവത്. ഈ നിയമം അത്യാവശ്യമായിരുന്നുവെന്നും രാജ്യത്തെ വിറ്റ് കാശാക്കുന്ന സിനിമക്കാരുടെ കച്ചവടം ഇനി പൂട്ടുമെന്നും കങ്കണ ഇൻസ്റ്റഗ്രാമിൽ കുറിച്ചു.
ബോളിവുഡ് എന്ന പേരില്‍ മാഫിയ, തീവ്രവാദം, മയക്കുമരുന്ന് കച്ചവടം, പാകിസ്ഥാന്‍ അനുകൂലികള്‍ എന്നിവര്‍ പൂണ്ടു വിളയാടുകയായിരുന്നു. ഈ നിയമം അത്യാവശ്യമായിരുന്നു. ഇനി രാജ്യത്തെ വിറ്റ് കാശുണ്ടാക്കുന്ന എല്ലാവരുടെയും കച്ചവടം പൂട്ടി. കങ്കണ കുറിച്ചു. പുതിയ ബിൽ പ്രകാരം സിനിമക്ക് സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയാലും സര്‍ക്കാരിന് ആവശ്യമെങ്കില്‍ സിനിമ വീണ്ടും പരിശോധിക്കാന്‍ ബില്ലിലൂടെ അധികാരം ലഭിക്കും.
ചട്ട വിരുദ്ധമായി എന്തെങ്കിലും കണ്ടെത്തിയാൽ സെന്‍സര്‍ ബോര്‍ഡ് പ്രദര്‍ശനാനുമതി നല്‍കിയാലും അത് റദ്ദാക്കാന്‍ സര്‍ക്കാരിന് സാധിക്കും. സിനിമയുടെ വ്യാജപതിപ്പുകൾ നിർമിക്കുന്നവർക്ക് പരമാവധി മൂന്ന് വര്‍ഷം വരെ തടവും പിഴയും ഏര്‍പ്പെടുത്തണമെന്നും കരട് ശുപാര്‍ശ ചെയ്യുന്നുണ്ട്.