സമീപകാലത്ത് നാട്ടില്‍ കൗമാരപ്രായക്കാര്‍ക്കിടയില്‍ അക്രമം പെരുകുന്നതായി സൂചിപ്പിക്കുന്നതാണ് അടിക്കടി പുറത്തുവരുന്ന ക്രൈം റിപ്പോര്‍ട്ടുകള്‍. ഇതിന് പുറമെ ലഹരിമരുന്ന് ഉപയോഗവും ചെറുപ്പക്കാര്‍ക്കിടയില്‍ വ്യാപകമായി മാറിയത് വലിയ ആശങ്കയാണ് സൃഷ്ടിക്കുന്നത്. ഈ സാഹചര്യങ്ങളുടെ പശ്ചാത്തലത്തില്‍ എല്ലാ കുറ്റവും ചെറുപ്പക്കാരുടെ മുകളിലിടാനുള്ള ശ്രമങ്ങളും പലകോണില്‍ നിന്നും നടക്കുന്നുണ്ട്. ഇപ്പോഴിതാ സിനിമ സമൂഹത്തെ സ്വാധീനിക്കുമോ സമൂഹത്തെ നന്നാക്കാനുള്ള ഉത്തരവാദിത്തം സിനിമയ്ക്കുണ്ടോ തുടങ്ങിയ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കിയിരിക്കുകയാണ് സംവിധായകനായ ഖാലിദ് റഹ്മാന്‍.
തന്റെ ഏറ്റവും പുതിയ സിനിമയായ ആലപ്പുഴ ജിംഖാന എന്ന സിനിമയുടെ പ്രചരണാര്‍ഥം ക്യൂ സ്റ്റുഡിയോയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് സംവിധായകന്‍ മനസ്സ് തുറന്നത്. സിനിമ സമൂഹത്തില്‍ സ്വാധീനം ചെലുത്തുന്നു എന്നതില്‍ തര്‍ക്കമില്ലെന്നും എന്നാല്‍ എല്ലാ ഉത്തരവാദിത്തവും സിനിമയുടെ മേലെ ചാര്‍ത്തുന്നതില്‍ കാര്യമില്ലെന്നും ഖാലിദ് റഹ്മാന്‍ പറയുന്നു. ഇന്നത്തെ യൂത്തിനെ സമൂഹം ആവശ്യത്തിലധികം കുറ്റപ്പെടുത്തുന്നുണ്ടോ എന്ന ചോദ്യത്തിന് ഖാലിദ് റഹ്മാന്റെ മറുപടി ഇങ്ങനെ.
സൊസൈറ്റി വേറെ എന്തോ ആണെന്ന് പണ്ടാരൊക്കെയോ പറഞ്ഞതായി ഞാന്‍ കേട്ടിട്ടുണ്ട്. സൊസൈറ്റിക്ക് പറയാനുള്ളത് സൊസൈറ്റി പറയും. അവര്‍ക്ക് പ്രത്യേകിച്ച് പണിയൊന്നുമില്ലല്ലോ. മറ്റുള്ളവരെ പറ്റി അഭിപ്രായങ്ങളൊക്കെ പറയുക, പ്രവര്‍ത്തിക്കുക എന്നതൊക്കെയാണല്ലോ. യൂത്തിനെ പറ്റി പറഞ്ഞാല്‍ ചെറുപ്പക്കാരാണെങ്കിലും ചെറുപ്പക്കാരികളാണെങ്കിലും മോശപ്പെട്ടവരൊന്നും അല്ലല്ലോ, സമൂഹത്തിലെ കുറ്റകൃത്യങ്ങള്‍ക്ക് കാരണം സിനിമയാണോ എന്ന് ചോദിച്ചാല്‍ സിനിമയല്ലാതെ മറ്റൊരു ആര്‍ട്ട് ഫോമിനെ കുറ്റം പറയാന്‍ പറ്റുമോ?, നമുക്ക് കഥകളിയെ കുറ്റം പറയാന്‍ പറ്റുമോ, ഓട്ടന്‍ തുള്ളലിനെ പറ്റുമോ മറ്റേത് ആര്‍ട്ട് ഫോമിനെ കാണിച്ചാണ് അത് കാരണമാണെന്ന് പറയാനാവുക. ഈ നാട്ടില്‍ നാലാള് കാണുന്നത് സിനിമയല്ലെ അതുകൊണ്ട് അതിലേക്കല്ലെ വരു. അത് വരട്ടെ. നമ്മള്‍ ആളുകളെ എന്റര്‍ടൈന്‍ ചെയ്യിക്കുന്നു. ചിലപ്പോള്‍ ആളുകള്‍ കൂകിവിളിക്കും. ചിലപ്പോള്‍ ചീത്ത വിളിക്കും. എന്റെര്‍ടൈന്‍ ആവുമ്പോൾ നല്ലത് പറയും. ഖാലിദ് റഹ്മാന്‍ പറഞ്ഞു.