Khalid Rahman's Next Project: പ്ലാൻ ബിയുമായി വീണ്ടും കൈകോർത്ത് ഖാലിദ് റഹ്‌മാൻ; പുതിയ സിനിമ പ്രഖ്യാപിച്ചു
പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
ആലപ്പുഴ ജിംഖാന എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഖാലിദ് റഹ്‍മാന്‍ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ സിനിമയുടെ വിശേഷങ്ങൾ പുറത്ത്. യൂണിവേഴ്സൽ സിനിമയുടെയും പ്ലാൻ ബി മോഷൻ പിക്ചേഴ്സിന്‍റെയും ബാനറിൽ ബി രാകേഷ് ആണ് ചിത്രം നിർമ്മിക്കുന്നത്. പ്ലാൻ ബി മോഷൻ പിക്ചർസിന്റെ ആദ്യ നിർമ്മാണ സംരംഭമായിരുന്നു ആലപ്പുഴ ജിംഖാന.
അനുരാഗ കരിക്കിന്‍ വെള്ളം, ഉണ്ട, ലവ്, തല്ലുമാല എന്നിങ്ങനെ വ്യത്യസ്ത ഴോണറുകളിലുളള മികച്ച സിനിമകള്‍ മലയാളത്തിന് സമ്മാനിച്ച ഖാലിദ് റഹ്‍മാന്‍ മലയാളസിനിമയുടെ ഒരു ബ്രാൻഡ് ആയി മാറികൊണ്ടിരിക്കുന്ന സാഹചര്യത്തിലാണ് ഇത്തരത്തിലുള്ള ഒരു പുതിയ സിനിമയുടെ അറിയിപ്പ് കൂടി വന്നിരിക്കുന്നത്.
ബോക്സ് ഓഫീസിലെ തകർപ്പൻ പ്രകടനത്തിന് ശേഷം ഒടിടിയിലും ഗംഭീര വരവേൽപ്പാണ് ആലപ്പുഴ ജിംഖാന എന്ന ഖാലിദ് റഹ്‍മാന്‍ ചിത്രത്തിന് ലഭിച്ചത്. ബോക്സ് ഓഫീസില്‍ സ്ഥിരമായി മികച്ച സ്ട്രൈക്ക് റേറ്റ് കാത്തുസൂക്ഷിക്കുന്ന ഖാലിദ് റഹ്‍മാന്‍റെ പുതിയ ചിത്രവും പ്രേക്ഷകസ്വീകാര്യത നേടുമെന്നാണ് ഇതിനോടകം തന്നെ സോഷ്യൽ മീഡിയയിൽ ഉയർന്നു വരുന്ന അഭിപ്രായം. സിനിമയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഉടൻ തന്നെ പുറത്തു വരുമെന്നാണ് പ്രതീക്ഷിക്കുന്നത്.